ഭർത്താവിന് കുംഭമേളയിൽ പങ്കെടുക്കാനായില്ല; വിഡിയോ കോൾ ചെയ്ത് വെള്ളത്തിൽ മുക്കി, വൈറലായി 'വെർച്വൽ സ്നാനം'
text_fieldsപ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കുക എന്നത് നിരവധി പേരുടെ ആഗ്രഹമാണ്. കോടി കണക്കിന് ഭക്തരാണ് കുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്നത്. കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ നിരാശയും നിരവധിപേർ പങ്കുവെക്കുന്നു. എന്നാൽ മഹാ കുംഭമേളയിൽ ഭർത്താവ് പുണ്യസ്നാനത്തിന് എത്താതിരുന്നതിന് ഭാര്യ സ്വീകരിച്ച അസാധാരണ പരിഹാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഭർത്താവില്ലാതെ പുണ്യസ്നാന ചടങ്ങിൽ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. ഈ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. സംഭവം വൈറലായതോടെ നിരവധി കമന്റുകളും ട്രോളുകളുമാണ് വിഡിയോക്ക് താഴെ നിറയുന്നത്.
യുവതിയുടെ യുക്തിയെ ചോദ്യം ചെയ്ത് നിരവധിപേർ വിമർശനമുയർത്തുകയും ചെയ്തു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് 'മോക്ഷം' ലഭിക്കുമായിരുന്നെന്നാണ് ഒരാൾ കമന്റ് ചെയ്തതത്.
ഫെബ്രുവരി 26ന് മഹാശിവരാത്രിയിൽ അവസാനിക്കുന്ന കുംഭമേളയിൽ ഈ വർഷം 63 കോടി ആളുകളാണ് പങ്കെടുത്തത്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മക പേരുകള്‍ വിളിച്ച് ഗംഗാസ്‌നാനം നടത്തുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.