വിവാഹമോചന ശേഷവും സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: വിവാഹ മോചിതയായാലും ഗാർഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് ബോംബെ ഹൈകോടതി. വിവാഹ മോചിതയായ ഭാര്യക്ക് പൊലീസ് കോൺസ്റ്റബ്ൾ പ്രതിമാസം ആറായിരം രൂപ ജീവനാംശം നൽകണമെന്ന സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചാണ് ഹൈകോടതി സിംഗ്ൾ ബെഞ്ചിന്റെ ഉത്തരവ്.
2013 മേയിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, തർക്കത്തെ തുടർന്ന് ജൂലൈ മുതൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. പിന്നീട് വിവാഹമോചനം നടത്തി. വിവാഹമോചന നടപടിക്രമങ്ങൾക്കിടെ യുവതി ഗാർഹിക പീഡന നിരോധന നിയമപ്രകാരം ജീവനാംശം തേടി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, കുടുംബകോടതി ഹരജി തള്ളി. ഇതേ തുടർന്നാണ് ഇവർ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. വിവാഹബന്ധം നിലവിലില്ലാത്തതിനാൽ ഗാർഹിക പീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ജീവനാംശം നൽകാൻ തനിക്ക് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി വിധിക്കെതിരെ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. വിവാഹ മോചന സമയത്തുതന്നെ താൻ ജീവനാംശം മുഴുവൻ നൽകിയെന്നും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗാർഹിക പീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ താൻ ജീവനാംശത്തിന് അർഹയാണെന്നാണ് സ്ത്രീ കോടതിയിൽ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.