വെജ് പിസ്സക്ക് പകരം നൽകിയത് നോൺ വെജ്; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
text_fieldsന്യൂഡൽഹി: ഓർഡർ ചെയ്ത വെജിറ്റബ്ൾ പിസ്സക്ക് പകരം നോൺ വെജ് പിസ്സ നൽകിയ ഹോട്ടലിനെതിരെ പരാതിയുമായി യുവതി. ഉത്തർ പ്രദേശ് ഗാസിയാ ബാദിലെ അമേരിക്കൻ റസ്റ്റാറന്‍റിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദീപാലി ത്യാഗി എന്ന യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പിസ്സയിൽ ഇറച്ചി കടിച്ച സംഭവം തെന്റ മതവിശ്വാസത്തെ മുറിവേൽപിച്ചുവെന്നും കുടുംബ പാരമ്പര്യത്തിനും മനഃസാക്ഷിക്കും എതിരായ കാര്യമാണ് ചെയ്തതെന്നും അവർ പരാതിയിൽ പറഞ്ഞു.
2019 മാർച്ച് 21നാണ് പിസ്സ ഔട്ട്‌ലെറ്റിൽ നിന്ന് വെജിറ്റബ്ൾ പിസ്സക്ക് ദീപാലി ഓർഡർ ചെയ്തത്. സമയം വൈകി ലഭിച്ചതിനാൽ പിസ്സ നോൺ-വെജ് ആണെന്ന് ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു. ഇതിനിടയിലാണ് പിസ്സയിൽ കൂണിന് പകരം ഇറച്ചി കഷണങ്ങളുണ്ടെന്ന് മനസ്സിലായത്. ഉടൻ തന്നെ കസ്റ്റമർ കെയറിൽ വിളിച്ച് പരാതിപ്പെട്ടതായി ഇവരുടെ അഭിഭാഷകൻ ഫർഹത് വാർസി ഉപഭോക്തൃ കോടതിയെ അറിയിച്ചു. ഏതാനും ദിവസത്തിന് ശേഷം ഔട്ട്‌ലെറ്റ് മാനേജർ ദീപാലിയെ വിളിച്ച് കുടുംബത്തിലെ എല്ലാവർക്കും സൗജന്യമായി പിസ്സ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.
എന്നാൽ, ഇത് ഒരു ചെറിയ വീഴ്ചയല്ലെന്നും കമ്പനി മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുകയും മാനസികപ്രയാസം സൃഷ്ടിക്കുകയും ചെയ്തുവെന്നും ദിപാലി പറഞ്ഞു. അതിന് പ്രായശ്ചിത്തമായി നീണ്ടതും ചെലവേറിയതുമായ നിരവധി ആചാരങ്ങൾ നടത്തേണ്ടിവരുമെന്നും ജീവിതകാലം മുഴുവൻ ലക്ഷക്കണക്കിന് രൂപ ചിലവാകുമെന്നും അവർ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പണത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ തനിക്ക്അധികാരമില്ലാത്തതിനാൽ കമ്പനിയുടെ നിയമവിഭാഗത്തിന് കൈമാറുമെന്നായിരുന്നു ഔട്ട് ലെറ്റ് മാനേജറുടെ മറുപടി.
തന്‍റെ മതവിശ്വാസ പ്രകാരം ഏതെങ്കിലും മൃഗത്തെ കൊന്ന് മാംസം കഴിക്കുന്നത് പാപമാണെന്നും നോൺ വെജ് പിസ്സ കഴിച്ചതോടെ ഈ പാപത്തിൽ പങ്കാളിയായതായും പരാതിയിൽ പറഞ്ഞു. തന്‍റെ മനസ്സിനെ മുറിവേൽപിച്ച ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ദീപാലി ത്യാഗി ഉപഭോക്തൃ കോടതിയോട് ആവശ്യപ്പെട്ടു. വിശദീകരണം നൽകാൻ ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിസ്സ ഔട്ട്‌ലെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ മാർച്ച് 17 ന് കൂടുതൽ വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.