യു.പിയിൽ ദയാവധം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതിയ വനിത ജഡ്ജിക്ക് വധഭീഷണി; കേസെടുത്തു
text_fieldsലഖ്നോ: മുതിർന്ന ജഡ്ജിയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് കഴിഞ്ഞ വർഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയ യു.പി ബാന്ദയിലെ വനിതാ ജഡ്ജിക്ക് വധഭീഷണി. സംഭവത്തിൽ പൊലീസ് കേസെടുത്തു. വധഭീഷണി അടങ്ങിയ കത്തിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മുതിർന്ന സഹപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിൽ ഇവർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. നിരന്തരം പരാതി നൽകിയിട്ടും നടപടിയില്ലെന്നും അപമാനം സഹിച്ച് ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ ദയാവധത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തുറന്ന കത്ത്. ഇതിന് പിന്നാലെ രണ്ടാംതവണയാണ് ഇവർക്ക് വധഭീഷണിക്കത്ത് ലഭിക്കുന്നത്.
മാർച്ച് 28നാണ് ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് അയച്ചതിന് പിന്നിൽ മൂന്നുപേരെ സംശയിക്കുന്നതായും പോസ്റ്റ് ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ആരാണെന്ന് വ്യക്തമാകുമെന്നും ജഡ്ജി പറഞ്ഞു. ഐ.പി.സി സെക്ഷൻ 506, 467 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.