'പൂവാലന്മാർ കാറിൽ പിന്തുടർന്നു..!'; ദേശീയപാതയിൽ ചേസിങ്ങിനിടെ കാറുകൾ കൂട്ടിയിടിച്ച് 27കാരിക്ക് ദാരുണാന്ത്യം
text_fieldsകൊൽക്കത്ത: ദേശീയപാതയിൽ ചേസിങ്ങിനിടെ കാറുകൾ കൂട്ടിയിടിച്ച് ഇവന്റ് മാനേജറും നർത്തകിയുമായ 27കാരിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ ചന്ദർനഗർ സ്വദേസി സുതന്ദ്ര ചാറ്റർജിയാണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
പനാഗഢിനടുത്ത് തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയാണ് അപകടം. മറ്റു വാഹനത്തിലെ പൂവാലന്മാരുടെ ശല്യമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ചാറ്റർജി കൂടെ സഞ്ചരിച്ചവർ പറഞ്ഞു. മറ്റു രണ്ടു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് മടങ്ങുന്നതിനിടെ സുതന്ദ്ര ചാറ്റർജിയുടെ കാറിനെ അഞ്ച് പേരടങ്ങുന്ന ഒരു വെളുത്ത കാർ പിന്തുടരാൻ തുടങ്ങി. അശ്ലീല പരാമർശങ്ങൾ നടത്തുകയും വാഹനം ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് കാർമറിഞ്ഞതെന്ന് കൂടെയുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്.
എന്നാൽ, അസൻസോൾ-ദുർഗാപൂർ പൊലീസ് കമീഷണർ സുനിൽ കുമാർ ചൗധരി ഈ വാദത്തെ എതിർത്തു. കാർ പിന്തുടരൽ ഉണ്ടായിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത് ചാറ്റർജിയുടെ കാർ മറ്റേ വാഹനത്തെ പിന്തുടരുന്നതാണെന്നും അദ്ദേഹം പറയുന്നു.
ചാറ്റർജിയുടെ കാറിനെ മറ്റേ വാഹനം മറികടന്ന് പനാഗഡ് റൈസ് മില്ലിലേക്ക് നീങ്ങിയപ്പോൾ ചാറ്റർജിയുടെ കാർ അവരെ പിന്തുടരുന്നത് തുടരുകയും ഒടുവിൽ മറിയുകയും ചെയ്തുവെന്ന് ചൗധരി കൂട്ടിച്ചേർത്തു.
അതേസമയം, ചാറ്റർജിയുടെ കൂടെയുണ്ടായിരുന്ന മിന്റു മൊണ്ടലിന്റെയും ഡ്രൈവർ രാജ്ദിയോ ശർമ്മയുടെയും പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.