വരനായി ‘ഭഗവാൻ കൃഷ്ണൻ’; 30കാരിക്ക് ആഘോഷപൂർവം മംഗല്യം
text_fieldsകാൺപൂർ: ഉത്തർ പ്രദേശിലെ ഔരയ്യ ജില്ല കഴിഞ്ഞ ദിവസം വ്യത്യസ്തമായൊരു വിവാഹത്തിന് സാക്ഷ്യം വഹിച്ചു. റിട്ട. അധ്യാപകനായ രഞ്ജിത്ത് സോളങ്കിയുടെ മകൾ രക്ഷയുടെ (30) വിവാഹമാണ് ബന്ധുക്കൾ ആഘോഷമായി നടത്തിയത്. വരനായെത്തിയത് സാക്ഷാൽ ‘ഭഗവാൻ കൃഷ്ണൻ’. പി.ജി ബിരുദധാരിയായ രക്ഷയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് യാഥാർഥ്യമായത്.
ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം വിളിച്ചുകൂട്ടി മനോഹരമായ മണ്ഡപം ഒരുക്കിയായിരുന്നു വിവാഹ ചടങ്ങുകൾ. ഭഗവാൻ കൃഷ്ണന്റെ വിഗ്രഹവുമായി ഒരു സംഘം എത്തുകയും രക്ഷ അതിൽ മാല ചാർത്തുകയുമായിരുന്നു. അതിഥികളായി എത്തിയവർക്കെല്ലാം വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. രാത്രി വരെ നീണ്ട ചടങ്ങുകൾക്ക് ശേഷം വധു വിഗ്രഹവുമായി ബന്ധുവീട്ടിലേക്ക് പോയി. ശേഷം മാതൃവീട്ടിലേക്ക് മടങ്ങി.
2022 ജൂലൈയിലാണ് രക്ഷ ഭഗവാൻ കൃഷ്ണനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരുമായി പങ്കുവെച്ചത്. കുട്ടിക്കാലം മുതൽ തനിക്ക് ഭഗവാൻ കൃഷ്ണനുമായി ഏറെ അടുപ്പം ഉണ്ടായിരുന്നെന്നും രണ്ടുതവണ സ്വപ്നത്തിൽ ഭഗവാൻ തന്നെ മാല ചാർത്തിയിരുന്നെന്നും രക്ഷ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.
“എല്ലാവരും വിവാഹത്തിൽ പങ്കെടുത്തു. ഇപ്പോൾ ഞങ്ങളുടെ ബന്ധു കൂടിയായ ശ്രീകൃഷ്ണനെ വിവാഹം കഴിക്കാനുള്ള രക്ഷയുടെ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. എല്ലാം നടക്കുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താലാണ്’’, രക്ഷയുടെ സഹോദരി അനുരാധ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.