മദ്യലഹരിയിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടി.ടി.ഇക്ക് സസ്പെൻഷൻ -വിഡിയോ
text_fieldsബംഗളൂരു: മദ്യലഹരിയിൽ വനിത യാത്രക്കാരിയോട് റെയിൽവേ ടിക്കറ്റ് പരിശോധകൻ മോശമായി പെരുമാറിയതായി പരാതി. ബംഗളൂരുവിനടുത്തുള്ള കൃഷ്ണരാജപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇതിന്റ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൃഷ്ണരാജപുരം സ്റ്റേഷനിൽ വനിത യാത്രക്കാരിയെ ട്രെയിനിൽ നിന്നും പിടിച്ചിറക്കി ടി.ടി.ഇ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൈവശമുണ്ടായിരുന്ന ടിക്കറ്റ് പെൺകുട്ടി കാണിച്ചുകൊടുത്തുവെങ്കിലും അതിന് ശേഷവും ടി.ടി.ഇ മോശം പെരുമാറ്റം തുടർന്നുവെന്ന് പെൺകുട്ടിയുടെ സഹയാത്രികരിൽ ഒരാൾ ട്വീറ്റ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഡിയോയിൽ തന്നെ എന്തിനാണ് ട്രെയിനിൽ നിന്നും പിടിച്ചിറക്കിയതെന്ന് പെൺകുട്ടി ചോദിക്കുന്നുണ്ട്. പെൺകുട്ടിക്കൊപ്പമുള്ള മറ്റ് യാത്രക്കാർ ടി.ടി.ഇയോട് ക്ഷോഭിക്കുന്നതും വിഡിയോയിൽ കാണാം.വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട ടി.ടി.ഇ സന്തോഷിനെ സസ്പെൻഡ് ചെയ്തുവെന്ന് റെയിൽവേ അറിയിച്ചു.
പെൺകുട്ടി യാത്ര ചെയ്തിരുന്ന ഹംസഫർ എക്സ്പ്രസിന് കൃഷ്ണരാജപുരത്ത് സ്റ്റോപ്പില്ല. ട്രെയിനിലുണ്ടായിരുന്ന ടി.ടി.ഇയായിരുന്നില്ല സന്തോഷെന്നും മദ്യപിച്ച് ഇയാൾ ഡ്യൂട്ടിക്കെത്തുകയായിരുന്നുവെന്നും തുടരന്വേഷണം നടത്തി ഇയാൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റെയിൽവേ അറിയിച്ചു.
നേരത്തെ മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാരിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അകാല്‍ തഖ്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവ ദിവസം മുന്നാ കുമാര്‍ ലീവിലായിരുന്നുവെന്നാണ് പറയുന്നത്. മുന്നാ കുമാറിനെ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.