വ്യാജ രസീത് നൽകി പിഴ ചുമത്തി; പൊലീസ് ഇൻസ്പെക്ടർ ചമഞ്ഞ യുവതി അറസ്റ്റിൽ
text_fields
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായി ചമഞ്ഞ് കോവിഡ് -19 അനുബന്ധ നിയമലംഘനങ്ങൾക്ക് വ്യാജ ചലാൻ നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. നംേഗ്ലായി സ്വദേശിയായ തമന്ന ജഹാനാണ് അറസ്റ്റിലായത്. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനാണ് യുവതി പൊലീസ് വേഷം കെട്ടി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഡൽഹി പൊലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച് എത്തുന്ന തമന്ന മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കണ്ടെത്തി വ്യാജ രസീതി നൽകി പിഴത്തുക വാങ്ങുകയായിരുന്നു.
ബുധനാഴ്ച തിലക് നഗറിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഹെഡ് കോൺസ്റ്റബിൾ സുമർ സിങ് യൂനിഫോം ധരിച്ച വനിത ഉദ്യോഗസ്ഥ മാസ്ക് ധരിക്കാത്ത ആളുകളെ തടയുന്നതും രസീതി നൽകി പണം വാങ്ങുന്നതും കണ്ടു. ഇതിൽ സംശയം തോന്നിയ സുമൻ സിങ് മഫ്തിയിലുള്ള പൊലീസുകാരനെ കാര്യം തിരക്കാൻ പറഞ്ഞുവിട്ടു. മാസ്ക് ധരിക്കാതെ ഇവരുടെ മുന്നിലൂടെ കടന്നുപോയ കോൺസ്റ്റബിളിനെ തടയുകയും പിഴ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് തിരിച്ചറിയൽ കാർഡ് കാണിച്ച കോൺസ്റ്റബിൾ അശോക് ഏത് സ്റ്റേഷനിലാണ് ജോലിയെന്ന് ചോദിച്ചതോടെ തമന്ന പരിഭ്രമത്തിലാവുകയും തിലക് നഗർ പൊലീസ് സ്റ്റേഷനിലെന്ന് മറുപടി നൽകുകയും ചെയ്തു. തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്ന് വിവരം തിലക് നഗർ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് പൊലീസ് ഉദ്യോഗസ്ഥയായി വേഷമിട്ട് പിഴത്തുക എന്ന പേരിൽ പണം പിരിച്ചതെന്ന് ചോദ്യം ചെയ്യലിൽ യുവതി പോലീസിനോട് പറഞ്ഞു.
മാതാപിതാക്കളുടെ അനുമതിയില്ലാതെ അടുത്തിടെ വിവാഹം കഴിച്ചതായും വരുമാനമാർഗമിലാത്തതിനാലാണ് വ്യാജ പൊലീസ് ചമഞ്ഞതെന്നുമാണ് മൊഴി. ലോക്ക്ഡൗൺ മുതൽ പോലീസ് ഉദ്യോഗസ്ഥർ സജീവമായി പട്രോളിംഗ് നടത്തുന്നതും നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയവർക്ക് പിഴ നൽകുന്നതും കണ്ടതിന് ശേഷമാണ് പൊലീസ് വേഷത്തിൽ തട്ടിപ്പ് നടത്താൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
വ്യാജ രസീത് ബുക്ക്, 800 രൂപ, പൊലീസ് യൂണിഫോം എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.