കോവിഡ് ബാധിച്ച് 'മരിച്ചു', സംസ്കാരവും കഴിഞ്ഞു- 18ാം നാൾ ഗിരിജാമ്മ ജീവനോടെ തിരിച്ചെത്തി
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ആശുപത്രി കിടക്കയിൽ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി ഒരുനാൾ മരിച്ചെന്നറിയിച്ച അധികൃതർ കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേകമായി പൊതിഞ്ഞുകെട്ടി നൽകിയ മൃതദേഹം ദുഃഖത്തോടെയെങ്കിലും കുടുംബം സംസ്കരിച്ചതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് മരണാനന്തര ചടങ്ങും നടത്തി. അതറിഞ്ഞാണാവോ ആവോ, പിറ്റേന്ന് 'മരിച്ച' മുത്തശ്ശി നേരിട്ട് വിട്ടിൽ തിരികെയെത്തി.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ ജഗയ്യപേട്ട് മണ്ഡലിലെ ക്രിസ്ത്യൻ പേട്ടിലാണ് സംഭവം. ഗിരിജാമ്മയെ മേയ് 12നാണ് കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ഗദ്ദയ്യ എല്ലാ ദിവസവും ഇവരെ ആശുപത്രിയിൽ സന്ദർശിക്കും. മേയ് 15ന് എത്തിയപ്പോൾ അവരെ ബെഡിൽ കാണാതെ വന്നതോടെ തിരച്ചിൽ ഊർജിതമാക്കി. എന്നിട്ടും, ഫലമില്ലാതായപ്പോൾ നഴ്സുമാർ മരിച്ചതാകാമെന്ന് ഉറപ്പിച്ചു.
സ്വന്തം ഭാര്യയുടെതെന്ന പേരിൽ ആശുപത്രി മോർച്ചറിയിൽനിന്ന് പൊതിഞ്ഞുകെട്ടിയ മൃതദേഹവും കൈമാറി. ഏറ്റുവാങ്ങി ഗ്രാമത്തിലെത്തിച്ച് ചടങ്ങുകൾ പൂർത്തിയാക്കി അന്നുതന്നെ സംസ്കാരവും നടത്തി. ദിവസങ്ങൾ കഴിഞ്ഞ് മേയ് 23ന് മകൻ മുത്തയ്യയും മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഖമ്മാം ജില്ലാ ആശുപത്രിയിലായിരുന്നു മകനുണ്ടായിരുന്നത്. ഗിരിജാമ്മയുടെയും മുത്തയ്യയുടെയും മരണാനന്തര ചടങ്ങുകൾ ജൂൺ ഒന്നിനാണ് ഒന്നിച്ച് നടത്തിയത്. ഇതിനു പിറ്റേന്നാണ് കഥയിലെ ട്വിസ്റ്റ്.
ഗിരിജാമ്മ ആരോഗ്യവതിയായി വീട്ടിൽ തിരികെയെത്തി. രോഗം മാറി എല്ലാം ശരിയായിട്ടും തന്നെ കൂട്ടാൻ എന്തേ ആരും വരാതിരുന്നത് എന്നായിരുന്നു അവരുടെ പരിഭവം. കുടുംബമാകട്ടെ, എല്ലാം സ്വപ്നത്തിലെന്ന പോലെ കഴിഞ്ഞതൊക്കെയും മറക്കാനുള്ള പെടാപാടിലും.
ആരും വരാത്തതിനാൽ സ്വയം പോരേണ്ടിവന്നുവെന്നും ആശുപത്രിക്കാർ 3,000 രൂപ ഏൽപിച്ചെന്നുമായിരുന്നു ഗിരിജാമ്മക്ക് പറയാനുണ്ടായിരുന്നത്.
ആശുപത്രി അധികൃതർ കൈമാറിയ മൃതദേഹം കോവിഡ് ബാധ ഭയന്ന് തുറന്നുനോക്കാത്തത് വില്ലനായെന്ന് കുടുംബവും ഗ്രാമവാസികളും പറയുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വൻ വീഴ്ചക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.