'ഡോക്ടർ, അമ്മായിയമ്മയെ കൊല്ലാൻ രണ്ട് ഗുളിക തരാമോ?'; ചോദ്യം കേട്ട് അമ്പരന്ന് ഡോക്ടർ, പൊലീസിൽ പരാതി നൽകി
text_fieldsബംഗളൂരു: അമ്മായിയമ്മയെ കൊല്ലാൻ ഡോക്ടറോട് ഗുളിക ആവശ്യപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഡോ. സുനിൽകുമാർ ഹെബ്ബിയുടെ പരാതിയിലാണ് സഞ്ജയ്നഗർ പൊലീസ് കേസെടുത്തത്.
ഫെബ്രുവരി 17നായിരുന്നു സംഭവം. ഡോക്ടർക്ക് പരിശോധനക്കിടെ വാട്സാപ്പിൽ ഒരു യുവതി മെസ്സേജ് അയക്കുകയായിരുന്നു. സഹാന എന്ന് പരിചയപ്പെടുത്തിയ യുവതിയാണ് മെസ്സേജയച്ചത്. ബംഗളൂരു സ്വദേശിയാണെന്നും പറഞ്ഞു. എന്ത് സഹായമാണ് വേണ്ടതെന്ന് ഡോക്ടർ മെസ്സേജിലൂടെ ചോദിച്ചു.
താൻ പറയുന്ന കാര്യം കേട്ട് ഡോക്ടർ വഴക്കുപറയരുതെന്ന് യുവതി പറഞ്ഞു. അസുഖവുമായി ബന്ധപ്പെട്ട കാര്യമാകുമെന്ന് കരുതി ഡോക്ടർ സമ്മതിച്ചു. അമ്മായിയമ്മയെ കൊല്ലാൻ രണ്ട് ഗുളിക പറഞ്ഞുതരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ ഡോക്ടർ ക്ഷുഭിതനായി. ഇത്തരം ആവശ്യങ്ങൾക്കായി തന്‍റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യരുതെന്നും ഡോക്ടർ പറഞ്ഞു.
എന്നാൽ യുവതി വീണ്ടും വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് മെസ്സേജയച്ചു. ഗുളികയുടെ പേര് മാത്രം പറഞ്ഞാൽ മതിയെന്നും രഹസ്യമാക്കി വെക്കുമെന്നുമൊക്കെയായിരുന്നു മെസ്സേജുകൾ. ഇത് ഡോക്ടർ അവഗണിച്ചു. വീണ്ടും തുടർച്ചയായി ഇവർ മെസ്സേജ് അയക്കാൻ തുടങ്ങിയതോടെയാണ് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്.
അമ്മായിയമ്മ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും അതാണ് ഇത്തരമൊരു മാർഗം തേടാൻ കാരണമെന്നുമാണ് യുവതി പറഞ്ഞത്. മെസ്സേജുകളിലൂടെ മാത്രമാണ് യുവതി ഡോക്ടറെ ബന്ധപ്പെട്ടത്. നേരിട്ട് വിളിച്ച് സംസാരിച്ചിട്ടില്ല.
പരാതി നൽകിയിട്ടും മെസ്സേജ് അയച്ചയാളെ കണ്ടെത്താനുള്ള നടപടിയൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. തന്നെ കുരുക്കിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണോ മെസ്സേജുകളെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. ആതുരസേവനത്തോടൊപ്പം സാമൂഹിക സേവനത്തിലും ഡോക്ടർ സജീവമാണ്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നതിന്‍റെ ഭാഗമായി നിരവധി എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിന്‍റെ ഭാഗമായുള്ള കുരുക്കാണോ മെസ്സേജുകളെന്ന് സംശയമുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.