നാണംകെട്ട് കേന്ദ്രം; മോദിയുടെ ഭവന പദ്ധതി പരസ്യത്തിൽ വീടില്ലാത്ത ലക്ഷ്മിയുടെ ചിത്രം
text_fieldsകൊൽക്കത്ത: ഫെബ്രുവരി 25ന് ബംഗാളിലെ ചില പത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രേമാദിയുടെ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന (പാർപ്പിട പദ്ധതി) പ്രകാരം 24 ലക്ഷം കുടുംബങ്ങൾക്ക് ബംഗാളിൽ വീട് ലഭിച്ചുവെന്നായിരുന്നു പരസ്യം. 'ആത്മനിർഭർ ഭാരത് ആത്മനിർഭർ ബംഗാൾ' എന്ന പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രവും വീട് ലഭിച്ചുവെന്ന് പറയുന്ന സ്ത്രീയുടെ ചിത്രവും കാണാനാകും. 'പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം എനിക്കൊരു വീട്, എന്‍റെ തലക്ക് മുകളിൽ ഒരു മേൽക്കൂര' എന്ന് സ്ത്രീ പറയുന്നതായും ചിത്രീകരിച്ചിരുന്നു.
എന്നാൽ മോദിയുടെ പരസ്യത്തിൽ പി.എം.എ.വൈ പദ്ധതിപ്രകാരം വീട് ലഭിച്ചുവെന്ന് പറയുന്ന സ്ത്രീ കഴിയുന്നതാകട്ടെ ടോയ്ലറ്റ് പോലുമില്ലാത്ത വാടക വീട്ടിലും. കൊൽക്കത്ത ബൗബാസർ പ്രദേശത്തെ മലങ്ക ലെയിനിൽ താമസിക്കുന്ന ലക്ഷ്മി ദേവിയാണ് പരസ്യത്തിലുള്ള സ്ത്രീ. 'ന്യൂസ് ലോണ്ട്രി' അടക്കമുള്ള മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ പരസ്യത്തിൽ പറയുന്നതുപോലെ തനിക്ക് യാതൊന്നും ലഭിച്ചിട്ടില്ലെന്ന് ലക്ഷ്മി വ്യക്തമാക്കുകയായിരുന്നു. 'ആ ചിത്രത്തിലുള്ള സ്ത്രീ ഞാനാണ്. എന്നാൽ പരസ്യത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല' -സ്ത്രീ പ്രതികരിച്ചു.
കേന്ദ്ര സർക്കാറിന്‍റെ പദ്ധതിയിലൂടെ തനിക്ക് വീട് ലഭിച്ചിട്ടില്ല. ബാഹുബസാറിൽ 500 രൂപ വാടക നൽകി ഒറ്റമുറിയെടുത്താണ് ഞാനും ആറംഗ കുടുംബവും കഴിയുന്നത്. രാത്രിയിൽ കുട്ടികൾ അകത്ത് കിടന്നുറങ്ങുേമ്പാൾ ഞങ്ങൾ വഴിയോരത്ത് കിടക്കാൻ നിർബന്ധിതരാകും' -ലക്ഷ്മി പറഞ്ഞു. ഒരു കിടക്കയും റെഫ്രിജറേറ്റും മാത്രമാണ് ആ ഒറ്റമുറി വീട്ടിലെ ആകെ സമ്പാദ്യം.
'ഞങ്ങൾക്കൊരു ശുചിമുറി പോലുമില്ല' -ലക്ഷ്മി കൂട്ടിച്ചേർത്തു. തനിക്ക് വീട് ലഭിച്ചുവെന്ന വാർത്ത നിഷേധിച്ച ലക്ഷ്മി അയൽവാസികൾ പറഞ്ഞതിന് ശേഷമാണ് പരസ്യത്തിൽ ചിത്രം വന്നതുപോലും അറിയുന്നതെന്നും കൂട്ടിച്ചേർത്തു. 'എന്‍റെ ചിത്രം പത്രത്തിൽ കണ്ടേപ്പാൾ ഞാൻ ഭയന്നു. ചിത്രം എപ്പോൾ എടുത്തുവെന്നോ ആരെടുത്തുവെന്നോ എനിക്ക് അറിയില്ല' -ലക്ഷ്മി കൂട്ടിച്ചേർത്തു.
ബാബുഗട്ടിൽ മേള നടക്കുന്നതിനിടെ 10 ദിവസം കക്കൂസ് ശുചീകരണത്തിന് കരാറടിസ്ഥാനത്തിൽ ജോലിക്ക് ചെന്നപ്പോഴാകാം ഫോട്ടോ എടുത്തതെന്നും അവർ പറഞ്ഞു. പരസ്യത്തിൽ ചിത്രം വന്നകാര്യം ബി.ജെ.പിക്കാരോട് അന്വേഷിച്ചിരുന്നോയെന്ന് ചോദിച്ചപ്പോൾ അവരോട് ഇതുവരെ സംസാരിച്ചില്ലെന്നും അക്ഷരാഭ്യാസമില്ലാത്തതിനാൽ തനിക്കിതൊന്നും അറിയില്ലെന്നുമായിരുന്നു ലക്ഷ്മിയുടെ മറുപടി.
സംഭവത്തെക്കുറിച്ച് ബി.ജെ.പി എം.പി അർജുൻ സിങ്ങിനോട് അന്വേഷിച്ചപ്പോൾ പ്രതികരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.