എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സ്ത്രീയും മകനും അറസ്റ്റിൽ
text_fieldsഎട്ട് വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സ്ത്രീയും മകനും അറസ്റ്റിലായി. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവുമായുള്ള സ്ത്രീയുടെ വൈരാഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് കരുതുന്നു.
ആവൂറ ഗ്രാമത്തിലെ വീട്ടിൽ നിന്ന് താലിബ് ഹുസൈൻ എന്ന കുട്ടിയെ കാണാതായി മൂന്നാഴ്ചക്ക് ശേഷമാണ് മൃതദേഹം വനമേഖലയിൽ നിന്ന് കണ്ടെടുത്തത്. കൊലപാതകികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഗ്രാമവും വനപ്രദേശവുമായുള്ള സാമീപ്യം കണക്കിലെടുത്ത് കുട്ടി ഏതെങ്കിലും വന്യമൃഗത്തിന് ഇരയായതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുന്നതിനായി പ്രദേശത്തെ വനങ്ങളിലും ജലാശയങ്ങളിലും കുളങ്ങളിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
പ്രദേശത്തെ ധാരാളം ആളുകളെ ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് യഥാർഥ പ്രതികളെ കണ്ടെത്തിയത്. ഷഹനാസ ബീഗവും അവരുടെ 19കാരനായ മകൻ അമീർ അഹമ്മദും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
"അന്വേഷണത്തിനിടെ ഞങ്ങൾ നിരവധി ആളുകളെ ചോദ്യം ചെയ്തു. ഒടുവിൽ, ഷഹനാസ ബീഗത്തെയും മകനെയും ഞങ്ങൾ കണ്ടെത്തി. തുടർച്ചയായ ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിച്ചു," കുപ്‌വാരയിലെ സീനിയർ സൂപ്രണ്ട് യുഗൽ മൻഹാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.