ആംബുലൻസും ആളുമില്ല; വനിത എസ്.ഐ മൃതദേഹം ചുമന്നത് മൂന്ന് കിലോമീറ്റർ
text_fieldsആംബുലൻസോ സഹായത്തിന് ആളുകളെയോ കിട്ടാതായതോടെ വയോധികന്റെ മൃതദേഹം മൂന്ന് കിലോമീറ്റർ ചുമന്ന് വനിത എസ്.ഐ. അറുപത്തഞ്ചുകാരന്‍റെ മൃതദേഹം തോളിലേറ്റി കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച വനിതാ എസ്.ഐക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ഹന്മന്തുണിപേട്ട് മണ്ഡലിലാണ് സംഭവം. വനിതാ എസ്.ഐ കൃഷ്ണ പവാനിയാണ് പ്രശംസ പിടിച്ചുപറ്റുന്നത്.
കാട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍, മൃതദേഹം വഹിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാതെ വന്നതോടെ കൃഷ്ണ ധൈര്യത്തോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കനിഗിരിയിലുള്ള ആശുപത്രിയിലേക്ക് മാറ്റാനാണ് മൃതദേഹം വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ദുർഘടം പിടിച്ച കാട്ടിലൂടെ കനത്ത ചൂട് പോലും അവഗണിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തനം. കൃഷ്ണയെ സഹായിക്കാന്‍ കോണ്‍സറ്റബിളും കൂടെയുണ്ടായിരുന്നു.
നേരത്തെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ മേഖലയില്‍ എസ്.ഐ ആയിരുന്ന ശിരിഷ എന്ന വനിത പൊലീസ് ഉദ്യോഗസ്ഥയും സമാന പ്രവൃത്തി ചെയ്ത് അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ടു കീലോമീറ്റര്‍ ദൂരമായിരുന്നു ശിരിഷ അന്ന് മൃതദേഹം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.