തന്‍റെ പൂച്ചക്കൊപ്പം കളിച്ചതിന് അയൽവാസിയുടെ വളർത്തുനായക്ക് നേരെ ആസിഡ് ഒഴിച്ച് യുവതി; നായയുടെ കാഴ്ച നഷ്ടപ്പെട്ടു
text_fieldsമുംബൈ: തന്‍റെ വളർത്തുപൂച്ചക്കൊപ്പം കളിച്ചതിന് അയൽവാസിയുടെ വളർത്തുനായയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. മുംബൈ മാൽവാനി സ്വദേശിനിയായ ഷാബിസ്ത സുഹൈൽ അൻസാരിയാണ് അറസ്റ്റിലായത്. ആക്രമണത്തിൽ നായയുടെ കാഴ്ച നഷ്ടപ്പെട്ടു.
പ്രദേശത്ത് പൂച്ചകളെ പരിപാലിച്ചുവരികയായിരുന്ന ഷാബിസ്ത അയൽവാസിയുടെ നായ തന്‍റെ പൂച്ചകളെ ആക്രമിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പ്രദേശവാസിയായ ബാലാസാഹെബ് തുക്കാറാം ഭാഗേൽ എന്നയാൾ വളർത്തിയിരുന്ന ബ്രൗണി എന്ന നായയാണ് ആക്രമിക്കപ്പെട്ടത്. വർഷങ്ങളായി ബ്രൗണി പ്രദേശത്ത് ജീവിച്ചുവരികയായിരുന്നു.
ബുധനാഴ്ച പ്രദേശത്ത് വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന ബ്രൗണിക്ക് നേരെ യുവതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബ്രൗണിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഭഗേൽ നായയെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു. പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതി നായയ്ക്ക് നേരെ ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ബ്രൗണി തന്‍റെ പൂച്ചകളുമായി കളിക്കുന്നതിൽ ഷാബിസ്ത അസ്വസ്ഥയായിരുന്നു. ബ്രൗണിയെ പൂച്ചകളോടൊപ്പം കളിക്കാൻ വിടരുതെന്ന് ഷാബിസ്ത ഉടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടക്കാതിരുന്നതോടെയാണ് നായയെ ആക്രമിക്കാൻ യുവതി തീരുമാനിച്ചത്.
സംഭവത്തിൽ മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഷാബിസ്തയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.