സർക്കാർ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവം: സുപ്രീംകോടതി സ്വമേധയ കേസെടുത്തു
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു. ഉദ്യോഗസ്ഥക്ക് മതിയായ സുരക്ഷാ ഉറപ്പാക്കാത്ത സംസ്ഥാന സർക്കാർ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജനങ്ങളെ കൊല്ലാനാണ് പദ്ധതിയെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിർത്താം. നിരവധി പേരാണു തങ്ങളുടെ ഉത്തരവുകൾ ലംഘിക്കുന്നത്. പൊലീസ് എന്തു കൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കോടതി ചോദിച്ചു. ഏകദേശം 160 പൊലീസുകാർ നിയമനടപടിക്ക് പോയ സംഘത്തോടൊപ്പം ഉണ്ടായിരുന്നെന്നാണു വിവരം. അക്രമം നടക്കുമ്പോൾ ഇവർ എന്തു ചെയ്യുകയായിരുന്നുവെന്നും സുപ്രീംകോടതി ചോദ്യം ഉന്നയിച്ചു. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി ഉത്തരവ് പ്രകാരം അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥയെ ആണ് ഉടമ വെടിവെച്ചു കൊന്നത്. ഹിമാചലിലെ കസൗളിൽ ചൊവ്വാഴ്ചയാണ് സംഭവം.
സോളൻ ജില്ലയിലെ കസൗലിയിലെ ഹോട്ടൽ ഉടമയായ വിജയ് സിങ്ങാണ് അസിസ്റ്റന്‍റ് ടൗൺ പ്ലാനർ ഷൈൽബാലി ശർമ്മയെ വെടിവെച്ച് കൊന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം അനധികൃത കൈയേറ്റങ്ങൾ പൊളിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
മുഖത്തും പിൻഭാഗത്തും വെടിയേറ്റ ഷൈൽബാല സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുമരാത്ത് വകുപ്പിലെ ജീവനക്കാരൻ ഗുലാബ് സിങ്ങിനും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.