പ്രസവതീയതിക്ക് മൂന്നര മാസം മുമ്പ് സിസേറിയൻ ചെയ്തു; കുഞ്ഞിന് മാസം തികഞ്ഞില്ലെന്ന് മനസിലാക്കി തുന്നിക്കെട്ടി; യുവതി ഗുരുതരാവസ്ഥയിൽ
text_fieldsദിസ്പൂർ: ആസാമിലെ സർക്കാർ ആശുപത്രിയിൽ പ്രസവ തീയതിക്ക് മൂന്നരമാസം മുമ്പ് യുവതിക്ക് സിസേറിയൻ നടത്തിയതായി ആരോപണം. കുട്ടിക്ക് മാസം തികഞ്ഞില്ലെന്നു മനസിലായപ്പോൾ ഉടൻ തന്നെ ഡോക്ടർ ശസ്ത്രക്രിയയുടെ മുറിവ് തുന്നിക്കെട്ടുകയും ചെയ്തു. ആസാമിലെ കരിംഗഞ്ച് സിവിൽ ആശുപത്രി അധികൃതർക്കെതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ പരിശോധനക്കെത്തിയ യുവതിയെ ബന്ധുക്കളടക്കമുള്ളവരോട് ആലോചിക്കുക പോലും ചെയ്യാതെ ഡോക്ടർ സിസേറിയൻ നടത്തുകയായിരുന്നുവത്രേ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം യുവതിയുടെ ആരോഗ്യനില വഷളായി. അതോടെയാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ''ഇങ്ങനെയൊരു സംഭവം നടന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതെ കുറിച്ചു അന്വേഷണം നടക്കുകയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും.''-എന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. 11 അംഗ കമ്മിറ്റിയെ ആണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് ഗുവാഹതി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
ആഗസ്റ്റ് 21നാണ് ഗർഭിണിയായ യുവതിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം നിരീക്ഷണത്തിലാക്കിയ ശേഷം, അൾട്രാ സൗണ്ട് സ്കാനിങ് പോലും നടത്താതെ ആഗസ്റ്റ് 23ന് ഡോക്ടർ സിസേറിയൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഡിസംബറിലാണ് പ്രസവതീയതിയെന്ന് ഡോക്ടർക്ക് അറിയാമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശസ്ത്രക്രിയ നടത്തിയ ശേഷമാണ് കുഞ്ഞ് മാസം തികഞ്ഞില്ലെന്ന കാര്യം ഡോക്ടർക്ക് ബോധ്യപ്പെട്ടത്.
തുടർന്ന് കുഞ്ഞിനെ ഗർഭപാത്രത്തിനുള്ളിൽ തന്നെ വിട്ട് ഉടൻ സ്റ്റിച്ചിടുകയായിരുന്നു. ആഗസ്റ്റ് 31ന് യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സംഭവം ആരോടും പറയരുതെന്നും ഡോക്ടർ യുവതിയോട് പറഞ്ഞു. എന്നാൽ വീട്ടിലെത്തിയപ്പോഴേക്കും യുവതി ഗുരുതരാവസ്ഥയിലായി. ബന്ധുക്കളും അയൽക്കാരും കാണാനെത്തിയപ്പോൾ നടന്ന കാര്യങ്ങൾ പുറത്തറിയുന്നത്. അങ്ങനെയാണ് ബന്ധുക്കൾ ആശുപത്രി അധികൃതരെ സമീപിച്ചത്. നിലവിൽ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചിരിക്കയാണ് യുവതിയെ. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് അൾട്രാസൗണ്ട് സ്കാനിങ്ങിൽ കണ്ടെത്തിയതായും ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.