പെഗസസ് പട്ടികയിൽ രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഇസ്രയേൽ കമ്പനി ചാരവൃത്തി നടത്തിയവരുടെ പട്ടികയിൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയും. സുപ്രീംകോടതി ജീവനക്കാരിയായിരുന്ന സ്ത്രീയുടെ ഫോൺ ആണ് ചാര സോഫ്റ്റ്വെയറായ പെഗസസ് ചോർത്തിയത്. സ്ത്രീയും ബന്ധുക്കളും 11 ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നതായും ഇവയെല്ലാം നിരീക്ഷണ സാധ്യതകളായി തെരഞ്ഞെടുത്തിരുന്നതായും അന്തർദേശീയ മാധ്യമങ്ങൾക്കൊപ്പം ഇന്ത്യയിൽനിന്ന് പങ്കാളിയായ വാർത്താ പോർട്ടൽ 'ദ് വയർ' പറയുന്നു.
സുപ്രീംകോടതിയിലെ ജൂനിയർ കോർട്ട് അസിസ്റ്റന്റായിരുന്നു ഇവർ. 2019 ഏപ്രിലിലാണ് ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണവുമായി സ്ത്രീ രംഗത്തെത്തുന്നത്. നിലവിൽ രാജ്യസഭ എം.പിയാണ് ഗൊഗോയ്.
സ്ത്രീയുടെയും ഭർത്താവിന്റെയും രണ്ടു സഹോദരൻമാരുടെയും നമ്പറുകൾ മാർക്ക് ചെയ്തതായും 'ദ് വയർ' റിപ്പോർട്ടിൽ പറയുന്നു. 2018ൽ ചീഫ് ജസ്റ്റിസിന്റെ ഓഫിസിൽ വെച്ചാണ് ആരോപണത്തിന് ആസ്പദമായ സംഭവം. ലൈംഗികാക്രമണത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സ്ത്രീ 22 ജഡ്ജിമാർക്ക് കത്തെഴുതിയിരുന്നു.
എന്നാൽ, യുവതിയുടെ ആരോപണങ്ങൾ ചീഫ് ജസ്റ്റിസ് നിരസിക്കുകയും അവിശ്വസനീയമെന്ന് പ്രതികരിക്കുകയുമായിരുന്നു. സ്ത്രീ സുപ്രീംകോടതിയിൽ ജോലിയിൽ പ്രവേശിച്ചത് രണ്ടുമാസം മുമ്പാണെന്നും ഇവർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും ആരോപിച്ചിരുന്നു.
2018ൽ യുവതിയെ സുപ്രീംകോടതി ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. അനുമതില്ലാതെ അവധി എടുത്തതിനും മറ്റു രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് 35കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. കൂടാതെ കുടുംബത്തിലെ രണ്ടു പൊലീസുകാരെയും വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രഞ്ജൻ ഗൊഗോയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ നിയോഗിച്ച സമിതി 2019 മേയിൽ റിപ്പോർട്ട് സമർപ്പിക്കുകയും കേസ് അടിസ്ഥാന രഹിതമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ ആയിരത്തിലേറെ നമ്പറുകൾ ഇസ്രായേൽ കമ്പനിയുടെ ചാരവൃത്തിക്ക് ഇരയായതായാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ ചോർത്തലും നടന്നത് 2019ലെ പൊതുതെരഞ്ഞെടുപ്പുവേളയിലാണ്. 'ദ് വയർ' രണ്ടാം ഘട്ടം നടത്തിയ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജി, നിലവിൽ മോദി മന്ത്രിസഭയിൽ മന്ത്രിമാരായ അശ്വനി ൈവഷ്ണവ്, പ്രഹ്ളാദ് പേട്ടൽ എന്നിവരുടെ പേരുകൾ പുറത്തുവന്നിരുന്നു.
ബി.ജെ.പിയുടെ എതിർപക്ഷത്ത് നിൽക്കുന്നവരുടെ ഫോണുകളിൽ ചാരവൃത്തി നടത്താൻ ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസി ഇസ്രായേൽ കമ്പനിയെ ഏൽപിച്ചുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് തിങ്കളാഴ്ച 'ദ് വയർ' പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉദ്യോഗസ്ഥ തലത്തിലും വ്യക്തിതലത്തിലും സർക്കാറിന് ചില പ്രത്യേക താൽപര്യങ്ങളുള്ളവരാണ് ചോർത്തപ്പെട്ടവരുടെ പട്ടികയിലുള്ളത്. ചാരവൃത്തി റിപ്പോർട്ടുകൾ കേന്ദ്ര സർക്കാറും ബി.ജെ.പിയും ശക്തമായി നിഷേധിച്ചുവെങ്കിലും അതിനുപയോഗിച്ച ഇസ്രായേൽ കമ്പനിയുടെ 'പെഗസസ്' സ്പൈവെയർ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.