യു.പിയിലെ ആ അമ്മ ഇനി മരുന്നിന് കാലുപിടിക്കാൻ വരില്ല; മകൻ മരിച്ചു -VIDEO
text_fieldsനോയിഡ: കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ മകന് മരുന്നിന് വേണ്ടി ഡോക്ടർമാരുടെ കാലിൽവീണ് യാചിക്കുന്ന അമ്മയുടെ വിഡിയോ കഴിഞ്ഞദിവസം കണ്ണീരോടെയാണ് രാജ്യം കണ്ടത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിെല നോയിഡയിൽ നിന്നുള്ള ആ ദൃശ്യം രാജ്യം അഭിമുഖീകരിക്കുന്ന വിപത്തിന്‍റെ നേർചിത്രമായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്നെ ആ മകൻ എന്നന്നേക്കുമായി വിടപറഞ്ഞുവെന്ന കരളലിയിക്കുന്ന വാർത്തയുമെത്തി.
നോയിഡ ഖോറ സ്വദേശിയായ വികാസ് (24) ആണ് മരുന്ന് ലഭിക്കാതെ മരിച്ചത്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ സെക്ടർ 51 ലെ ആശുപത്രിയിലായിരുന്നു വികാസ്. മകന്‍റെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി റെംഡെസിവർ മരുന്ന് വേണമെന്നും ആശുപത്രിയിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ പുറത്ത് നിന്ന് വാങ്ങിക്കൊണ്ടുവരണമെന്നും ഡോക്ടർമാർ വികാസിന്‍റെ അമ്മ റിങ്കി ദേവിയോട് പറഞ്ഞു.
ചീഫ് മെഡിക്കൽ ഓഫിസറുടെ (സി.എം.ഒ) നോയിഡയിലെ ഓഫിസിൽ ഇത് ലഭ്യമാണെന്നറിഞ്ഞ റിങ്കി ദേവി ഉടൻ അങ്ങോട്ട് തിരിച്ചു. എന്നാൽ, മണിക്കൂറുകളോളം മരുന്ന് ലഭിച്ചില്ല. ഒടുവിൽ സി.എം.ഒ ദീപക് ഓഹ്രിയെ നേരിൽ കണ്ടപ്പോൾ കാലിൽ വീണ് മരുന്നിന് വേണ്ടി യാചിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് അവിടെയുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സിഎംഒ റിങ്കി ദേവിയോട് കുറിപ്പടി വാങ്ങിയെങ്കിലും മരുന്നില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. എന്നിട്ടും ഏറെ നേരം കാത്തിരുന്ന ആ അമ്മ വൈകുന്നേരം 4 മണിയോടെ നിരാശയോടെ മടങ്ങി. 4.30 ഓടെ മകനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ വെറുംകൈയോടെ ആ അമ്മ തിരിച്ചെത്തി. അൽപസമയം കഴിഞ്ഞ് 'മകൻ വികാസ് എന്നന്നേക്കുമായി യാത്രയായിരിക്കുന്നു' എന്ന ഹൃദയം തകർക്കുന്ന വിവരമാണ് റിങ്കിയെ ഡോക്ടർമാർ അറിയിച്ചത്.
'ഡോക്ടർമാരെ ദൈവത്തെപ്പോലെയാണ് കണ്ടിരുന്നത്. എന്നാൽ ആരോഗ്യ സംവിധാനത്തിന്‍റെ മറ്റൊരു മുഖമാണ് കണ്ടത്. എല്ലാ വിശ്വാസവും നഷ്ടമായി.' -വികാസിന്‍റെ കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.