ബോഡി ബിൽഡിങ് മത്സരത്തിൽ വനിതകളുടെ പോസിങ് ഹനുമാൻ ചിത്രത്തിന് മുന്നിൽ; വിവാദം
text_fieldsരത് ലം (മധ്യപ്രദേശ്): ബി.ജെ.പി സംഘടിപ്പിച്ച ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത വനിതകൾ ഹനുമാന്‍റെ ചിത്രത്തിന് മുമ്പിൽ പോസ് ചെയ്തത് വിവാദത്തിൽ. മധ്യപ്രദേശിലെ രത് ലയിലാണ് മാർച്ച് നാല്, അഞ്ച് തീയതികളിൽ 13മത് മിസ്റ്റർ ജൂനിയർ ബോഡി ബിൽഡിങ് മത്സരം ബി.ജെ.പി സംഘടിപ്പിച്ചത്. ചൈതന്യ കശ്യപ് എം.എൽ.എ രക്ഷാധികാരിയായ സംഘാടക സമിതിയിൽ ബി.ജെ.പിയുടെ മേയർ പ്രഹ്ലാദ് പട്ടേലും അംഗമാണ്.
ഹനുമാൻ ചിത്രത്തിന് മുമ്പിൽ വനിതാ മത്സരാർഥികൾ പോസ് ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ മത്സരം നടന്ന സ്ഥലത്ത് ഗംഗാ ജലം തളിക്കുകയും ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും ചെയ്തു. മര്യാദയില്ലാത്ത പ്രവൃത്തിയാണ് ചൈതന്യ കശ്യപും പ്രഹ്ലാദ് പട്ടേലും കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പരാസ് സക്ലേച്ച ആരോപിച്ചു. മോശം കൃത്യത്തിൽ ഉൾപ്പെട്ടവരെ ഹനുമാൻ ശിക്ഷിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻ മായങ്ക് ജാട്ട് പറഞ്ഞു.
ഹനുമാനെ അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മാപ്പ് പറയണമെന്ന് മധ്യപ്രദേശ് പി.സി.സി അധ്യക്ഷൻ കമൽനാഥിന്‍റെ മാധ്യമ ഉപദേശകൻ പിയുഷ് ബാബലെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ് ഹിന്ദുക്കളോടും ഹനുമാനോടുമുള്ള അനാദരവാണെന്നും അദ്ദേഹം ആരോപിച്ചു.
പരിപാടിയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മതവിഗ്രഹങ്ങളെ അപമാനിക്കരുതെന്ന് ബി.ജെ.പിയോട് ആവശ്യപ്പെട്ടു.
കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി വക്താവ് ഹിതേഷ് ബാജ്‌പേയ് രംഗത്തെത്തി. സ്ത്രീകൾ കായികരംഗത്ത് മികവ് പുലർത്തുന്നത് കാണാൻ കോൺഗ്രസിന് താൽപര്യമില്ലെന്ന് ബാജ്‌പേയ് ആരോപിച്ചു. സ്ത്രീകൾ ഗുസ്തിയിലോ ജിംനാസ്റ്റിക്സിലോ നീന്തലിലോ പങ്കെടുക്കുന്നത് കോൺഗ്രസുകാർക്ക് കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഘാടകരിൽ ചിലർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.