വനിതകൾക്കും എൻ.ഡി.എ പരീക്ഷയിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) പ്രവേശന പരീക്ഷ എഴുതാൻ വനിതകൾക്കും അനുമതി നൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇന്ത്യൻ സൈനിക മേഖലയിൽ ലിംഗ വിവേചനം തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഋഷികേഷ് എന്നിവരടങ്ങുന്ന ബെഞ്ച് പരീക്ഷാ ഫലം വന്നതിന് ശേഷം അന്തിമ വിധിയുണ്ടാകുമെന്ന് വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിനാണ് നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ.
വനിതകള്‍ക്ക് എൻ.ഡി.എ പ്രവേശന പരീക്ഷയില്‍ അവസരം നിഷേധിക്കുന്നത് മൗലിക അവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. വിധിയുടെ പശ്ചാത്തലത്തില്‍ പുതുക്കിയ വിജ്ഞാപനം ഇറക്കാന്‍ യു.പി.എസ്.സിക്ക് കോടതി നിര്‍ദേശം നല്‍കി. വനിതകള്‍ക്ക് കരസേനയില്‍ സ്ഥിരം കമീഷന്‍ നല്‍കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ലിംഗ വിവേചനം തുടരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അസംബദ്ധമാണെന്നും സേനയുടെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി.
സേന സ്വന്തമായി മാറണമെന്നും എപ്പോഴും കോടതി ഇടപെടൽ ഉണ്ടാകാൻ നിർബന്ധിതരാകരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. വ്യത്യസ്ത രീതികളിലുള്ള പരിശീലനങ്ങൾ, ദേശ സുരക്ഷ എന്നിവ മുൻനിർത്തിയാണ് വനിതകളെ തടയുന്നതെന്നാണ് കേന്ദ്ര സർക്കാറിെൻറ വാദം. സെപ്റ്റംബര്‍ എട്ടിന് ഹരജയിൽ അന്തിമ വാദം കേള്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.