സ്വവർഗാനുരാഗം ആരോപിച്ച് പെൺകുട്ടികളെ ക്രൂരമായി മർദിച്ചു; സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ലെസ്ബിയൻ (സ്വവർഗാനുരാഗികൾ) ആണെന്ന് ആരോപിച്ച് രണ്ട് പെൺകുട്ടികളെ ക്രൂരമായി മർദിച്ചതായി പരാതി. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപിക്കുകയും ചെയ്തു.
ലെസ്ബിയൻസ് എന്ന് മുദ്രകുത്തി മർദിച്ച രണ്ട് ബന്ധുക്കൾക്കെതിരെ ഇരകൾ സാഗർദിഗി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് തിങ്കളാഴ്ച സംഭവം പുറത്തറിഞ്ഞത്. പ്രദേശവാസിയായ മറ്റൊരാളുടെ സഹായത്തോടെ ഇരകളെ ബലാത്സംഗം ചെയ്യാൻ പ്രതി ശ്രമിച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇരകളിൽ ഒരാളുടെ കുടുംബം മറ്റൊരുഗ്രാമത്തിലാണ് താമസിക്കുന്നത്. ഈ പെൺകുട്ടി മുത്തശ്ശിയുടെ കൂടെ സാഗർദിഗി ഗ്രാമത്തിലാണ് താമസം. ഇരുവരും ഉറ്റസുഹൃത്തുക്കൾ ആയിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞ് സാഗർദിഗി ഗ്രാമത്തിൽ എത്തിയ ഈ കുട്ടിയുടെ മാതാവ് പറഞ്ഞു. അവരുടെ സൗഹൃദത്തെ കുറിച്ച് നാട്ടുകാർ കിംവദന്തി പ്രചരിപ്പിച്ചിരുന്നതായും അവർ ആരോപിച്ചു.
"ഞാനും എന്റെ സുഹൃത്തും എല്ലാ ദിവസവും കണ്ടുമുട്ടാറുണ്ട്. പക്ഷേ ഒക്ടോബർ 25ന് ഞാൻ അവളെ കണ്ടില്ല. പിന്നീട് രാത്രി എന്നെ വിളിച്ച് കാണാൻ വരണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് കഠിനമായ വയറുവേദന ഉണ്ടെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. അന്നു രാത്രി അവളുടെ വീട്ടിലാണ് ഞാൻ താമസിച്ചത്'' -അക്രമത്തിനിരയായ പെൺകുട്ടി പറഞ്ഞു.
'അവളുടെ ബന്ധുക്കളായ രണ്ട് പേരും സഹീബുൽ ഷെയ്ഖ് എന്ന നാട്ടുകാരനും രാവിലെ 11 മണിയോടെ ഞങ്ങൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി. നിങ്ങൾ ഒരേ കിടക്കയിൽ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു' -പെൺകുട്ടി പറഞ്ഞു.
ലെസ്ബിയൻ ആണെന്ന് ആരോപിച്ച് മൂവരും ചേർന്ന് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പൊള്ളിച്ചു. വസ്ത്രം വലിച്ചുകീറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ഇവർ ആരോപിച്ചു. സംഭവം പുറത്തുപറഞ്ഞാൽ ഇവരുടെ ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇന്ത്യ ടുഡേയോട് പറഞ്ഞു.
"ഞങ്ങളുടെ കൂട്ടുകെട്ടിനെ ഇതുവരെ തടഞ്ഞിട്ടില്ല. ഞങ്ങൾക്ക് അവർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ബന്ധം ഒഴിവാക്കുമായിരുന്നു. അവർ മൂന്ന് പേരും ഞങ്ങളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു" -പരാതിക്കാരി പറഞ്ഞു. അക്രമികൾ വയറ്റിലും തുടയിലും മുറിവേൽപിച്ചതായും ഇവർ ആരോപിച്ചു.
മൂന്ന് പ്രതികളിൽ ഒരാളെ തിങ്കളാഴ്ച ഔതുവ ഗ്രാമത്തിൽ നിന്ന് മാൾഡ പൊലീസ് പിടികൂടി. രണ്ടു പേർ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.