ഹാഥറസിലെത്തിയ തൃണമൂൽ വനിത എം.പിമാരെ മർദിച്ച സംഭവം: സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെതിരെ പരാതി
text_fieldsലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന് തിരിച്ച തൃണമൂൽ കോൺഗ്രസ് വനിത എം.പിമാരോട് മോശമായി പെരുമാറിയെന്നാരോപിച്ച് ഹാഥറസ് സബ്ഡിവിഷണൽ മജിസ്ട്രേറ്റിനെ പരാതി നൽകി. മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണക്കെതിരെയാണ് പരാതി. ഇദ്ദേഹം വനിത ജനപ്രതിധികളെ തള്ളിയിട്ടെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി.
വെള്ളിയാഴ്ച ഹാഥറസിലെത്തിയ തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘത്തെ പെൺകുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റർ അകെല വെച്ചാണ് പൊലീസ് തടഞ്ഞത്. സംഘത്തിലുണ്ടായിരുന്ന തൃണമൂൽ എം.പിമാരായ ഡെറിക് ഒബ്രിയാൻ, ഡോ. കകോലി ഘോഷ്, പ്രതിമ മൊണ്ഡാൽ, മുൻ എം.പി മമത താക്കുർ എന്നിവരെ പൊലീസ് തടയുകയും മർദിക്കുകയുമായിരുന്നു.
ജനാധിപത്യ സംവിധാനമുള്ള രാജ്യത്ത് അതിക്രൂരമായി കൊലെചയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനുള്ള അവകാശം ജനപ്രതിനിധികൾക്കുണ്ട്. എന്നാൽ അവരെ തടയുന്നതും മർദിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്നും വനിത എം.പിമാർ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ വനിത എം.പിമാരെ തള്ളിയിട്ടെന്ന വാർത്ത പ്രേം പ്രകാശ് മീണ നിഷേധിച്ചു. വനിതാ പൊലീസുകാരാണ് എം.പിമാരെ തടഞ്ഞത്. ഗ്രാമത്തിൽ പ്രവേശിക്കാൻ അനുമതിയില്ലെന്നറിയിച്ചിട്ടും ബലംപ്രയോഗത്തിലൂടെ മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. പൊലീസോ മറ്റ് ഉദ്യോഗസ്ഥരോ അവരോട് മോശമായി പെരുമാറിയിട്ടില്ലെന്നും മീണ അറിയിച്ചു.
കേസിൽ പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ആരെയും ഗ്രാമത്തിലേക്ക് കടത്തിവിടാനാകില്ലെന്നും മീണ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ ഹാഥറസിലെത്തിയ തൃണമൂൽ കോൺഗ്രസ് സംഘത്തെ യു.പി പൊലീസ് തടയുകയും പ്രവർത്തകർക്കെതിരെ ലാത്തിവീശുകയും ചെയ്തിരുന്നു. എം.പി ഡെറിക് ഒബ്രിയാനെ പൊലീസ് തള്ളി നിലത്തിടുകയും മർദിക്കുകയും ചെയ്തരുന്നു.
വ്യാഴാഴ്ച ഹാഥറസിലേക്ക് തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് വീണ്ടും ഹാഥറസിലെത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.