വനിതകൾക്ക് എൻ.ഡി.എ, നേവൽ അക്കാദമി പ്രവേശനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാൻ വഴിയൊരുക്കി വനിതകള്‍ക്ക് നാഷനല്‍ ഡിഫെന്‍സ് അക്കാദമി(എൻ.ഡി.എ)യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ചൊവ്വാഴ്ചയാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നും എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടതിനാൽ ഈ വർഷത്തെ എൻ.ഡി.എ പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാനാവില്ലെന്നും അഡിഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത സുപ്രീംകോടതി സേനയിലെ ലിംഗസമത്വത്തിന് കൂടുതൽ ചെയ്യേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.
എന്‍.ഡി.എ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല ചരിത്രവിധിയിലൂടെ അനുമതി നൽകിയ സുപ്രീംകോടതി സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14 ലേക്ക് നീട്ടുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒരു മാസം തികയും മുമ്പാണ് കേന്ദ്ര സർക്കാർ മാറിയ നിലപാട് അറിയിച്ചത്. എന്നാൽ, സുപ്രീംകോടതിയുടെ ഇൗ ഉത്തരവ് ദുർബലപ്പെടുത്തി ഇൗ വർഷം തൽസ്ഥിതി തുടരാൻ അനുവദിക്കണമെന്ന് ഭാട്ടി ആവശ്യപ്പെട്ടു.
വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി സമയം നൽകി. പരിഷ്കാരങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
സൈനിക വിഭാഗങ്ങള്‍തന്നെ സ്വന്തമായി ലിംഗ നീതി ഉറപ്പാക്കുന്നതിനുള്ള തീരുമാനം എടുത്തതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. രാജ്യത്തിെൻറ ആദരം പിടിച്ചുപറ്റിയ സേനാ വിഭാഗങ്ങൾ ലിംഗ നീതിയുടെ കാര്യത്തില്‍ കോടതി ഉത്തരവുകള്‍ക്ക് കാത്ത് നില്‍ക്കാതെ കൂടുതല്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. സായുധ സേനകൾക്ക് വലിയ പങ്കാണുള്ളതെന്നും സേനയിലെ ലിംഗസമത്വത്തിന് കൂടുതൽ ചെയ്യേണ്ടതുണ്ടെന്നും ബെഞ്ച് തുടർന്നു. എൻ.ഡി.എ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.