സ്ത്രീവിരുദ്ധം; ജെ.എൻ.യു സർക്കുലർ പിൻവലിക്കണമെന്ന് വനിത കമീഷൻ
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്കെതിരായ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുറത്തിറക്കിയ സർക്കുലർ സ്ത്രീവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ദേശീയ വനിത കമീഷൻ. തങ്ങളുടെ ആൺസുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് എവിടെയാണ് അതിർവരമ്പ് വേണ്ടതെന്ന് പെൺകുട്ടികൾ മനസ്സിലാക്കണം എന്ന് ആവശ്യപ്പെടുന്ന സർക്കുലർ സ്ത്രീവിരുദ്ധമാണെന്ന് വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ആരോപിച്ചു.
എല്ലായ്പ്പോഴും ഉപദേശം സ്ത്രീകളോടു മാത്രമായി ഒതുങ്ങുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച രേഖ ശർമ, ഇരയെ അല്ല അതിക്രമം കാണിക്കുന്നവരെ വേണം ബോധവത്കരിക്കാനെന്ന് ചൂണ്ടിക്കാട്ടി. സർക്കുലർ പുറത്തിറക്കിയ ആഭ്യന്തരസമിതി ഇരയോട് അനുഭാവപൂർണ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജനുവരി 17ന് കൗൺസലിങ് നടത്തുമെന്ന് അറിയിച്ച് വാഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സർക്കുലറിലാണ് വിവാദ പരാമർശമുള്ളത്. 'അടുത്ത സുഹൃത്തുക്കൾ ലൈംഗികാതിക്രമം നടത്തുന്നതായ ഒട്ടേറെ പരാതികൾ സമിതിക്ക് ലഭിക്കാറുണ്ട്. ആൺകുട്ടികൾ പലപ്പോഴും സൗഹൃദത്തിന്‍റെ അതിർവരമ്പ് ലംഘിക്കാറുള്ളതായി കാണുന്നു. അതുകൊണ്ട് ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകാതിരിക്കാൻ ആൺസൗഹൃദങ്ങൾക്കിടയിൽ വ്യക്തമായ അതിർവരമ്പ് വരക്കേണ്ടത് എവിടെയാണെന്ന് പെൺകുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്' -സർക്കുലർ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.