ഇന്ത്യ വികസിത രാജ്യമാകാൻ സ്ത്രീ ശാക്തീകരണം അനിവാര്യം- ദ്രൗപതി മുർമു
text_fieldsഷില്ലോങ്: 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ആത്മീയ മേഖലകളിൽ സ്ത്രീകളുടെ ശാക്തീകരണം അനിവാര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. മേഘാലയയിൽ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായി സംവദിക്കുകയായിരുന്നു രാഷ്ട്രപതി.
സ്ത്രീകൾക്ക് അവരുടെ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മാത്രമേ സ്ത്രീകളുടെ നേതൃത്വത്തിൽ വികസനം എന്ന ആശയം നടപ്പിലാക്കാൻ കഴിയൂ എന്നും സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ഇത് ഒരു പരിധിവരെ യാഥാർഥ്യമായെന്നും ദ്രൗപതി മുർമു പറഞ്ഞു. സാമ്പത്തിക സ്വാശ്രയത്വം സ്ത്രീകളിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, കായികം, വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയിലെ സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിക്കുകയും മറ്റ് സ്ത്രീകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളോട് മുന്നോട്ട് പോകാനും മറ്റ് സ്ത്രീകളുടെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുവരാനും രാഷ്ട്രപതി നിർദേശം നൽകി. ഇത് അവരുടെ ഒറ്റക്കുള്ള യാത്രയല്ലെന്നും വീടിന്റെ നാല് ചുവരുകൾക്കപ്പുറത്തുള്ള അവസരങ്ങൾ ഇതുവരെ അന്വേഷിക്കാത്ത ഒരു വലിയ വിഭാഗം സ്ത്രീകളുടെ യാത്രയാണെന്നും ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ തങ്ങളുടെ പ്രദേശത്തെയും രാജ്യത്തിലെയും മറ്റ് സ്ത്രീകൾക്ക് പ്രചോദനമായി മാറണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.