വ്യാജ പീഡന പരാതികളിൽ ഗെഹ്ലോട്ടിന്റെ പ്രസ്താവനക്കെതിരെ വനിത കമീഷൻ അധ്യക്ഷ
text_fieldsഉദയ്പൂർ: രാജസ്ഥാനിലെ 50 ശതമാനം ബലാത്സംഗ കേസുകളും വ്യാജമാണെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനക്കെതിരെ ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ്മ. മുഖ്യമന്ത്രി തന്‍റെ സംസ്ഥാനത്തെ സംബന്ധിച്ച യഥാർഥ വിവരങ്ങൾ നിഷേധിക്കുകയാണെന്ന് രേഖ ശർമ്മ ആരോപിച്ചു. സംസ്ഥാന പൊലീസിന്‍റെ പ്രവർത്തനങ്ങളും ഇതേ അടിസ്ഥാനത്തിൽ തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ 50 ശതമാനം ബലാത്സംഗ കേസുകളും വ്യാജമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ സത്യാവസ്ഥയെ നിഷേധിക്കുകയാണ്. ഇതേ മനസോടെ തന്നെയാണ് അദ്ദേഹത്തിന്‍റെ പൊലീസും പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്തെ സ്ത്രീകൾക്ക് നീതി ലഭിക്കാത്തത്"- രേഖ ശർമ്മ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ ബലാംത്സംഗ കേസുകൾ വർധിക്കുന്നതിനെതിരെ വെള്ളിയാഴ്ചയാണ് ഗെഹ്ലോട്ട് പ്രതികരിച്ചത്. ബലാംത്സംഗ ആരോപണങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയതാണ് കേസുകളുടെ എണ്ണം കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
"ആരാണ് ബലാംത്സംഗം ചെയ്യുന്നത്? മിക്ക കേസുകളിലും ഇരയുടെ ബന്ധുക്കളുൾപ്പടെയുള്ള പരിചയക്കാരായിരിക്കും കുറ്റക്കാർ. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 ശതമാനം പീഡന പരാതികളും വ്യാജമാണ്"- ഗെഹ്ലോട്ട് പറഞ്ഞു. കള്ളകേസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അതിനാൽ ഇത്തരത്തിൽ വ്യാജപരാതികൾ കെട്ടിച്ചമച്ച് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോവിന്‍റെ റിപ്പോർട്ട് പ്രകാരം 2021ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്താണ്. തുടർച്ചയായ മൂന്നാം വർഷവും സംസ്ഥാനത്തെ ബലാത്സംഗ കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.