നാല് യുവാക്കൾ അണക്കെട്ടിൽ വീണു; സാരിയെറിഞ്ഞ് യുവതികൾ രണ്ടു പേരെ രക്ഷിച്ചു
text_fieldsചെന്നൈ: അബദ്ധത്തിൽ ഡാമിൽ വീണ രണ്ട് യുവാക്കളെ മൂന്ന് സ്ത്രീകൾ ചേർന്ന് അവർ ധരിച്ചിരുന്ന സാരി എറിഞ്ഞുകൊടുത്ത് രക്ഷിച്ചു.
സംഘത്തിലെ മറ്റു രണ്ട് പേരെ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പെരമ്പലൂർ കോട്ടറൈ ഡാമിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് അണക്കെട്ടിൽ കുളിക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപെട്ടത്.
സിറുവെച്ചൂർ ഗ്രാമത്തിൽനിന്നും കോട്ടൈറയിൽ കളിക്കാനെത്തിയ സംഘത്തിൽ മൊത്തം 12 പേരാണുണ്ടായിരുന്നത്. കനത്ത മഴയെ തുടർന്ന് ഡാമിലെ ജലം ഇരുപതടി വരെ ഉയർന്നിരുന്നു.
തുണികൾ അലക്കി വീട്ടിലേക്ക് തിരിക്കാനൊരുങ്ങവെയാണ് സെന്തമിഴ് ശെൽവി(38), മുത്തമ്മാൾ (34), ആനന്ദവല്ലി (34) എന്നിവർ ചേർന്ന് യുവാക്കളെ രക്ഷിച്ചത്. കുളിക്കാനെത്തിയ സംഘത്തോട് ആഴക്കൂടുതൽ സംബന്ധിച്ച് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.
നാലു പേരും കാൽവഴുതി ഒന്നിനുപിറകെ ഒന്നായി ഡാമിലേക്ക് വീണു. ഇവരെ രക്ഷിക്കാൻ സ്ത്രീകൾ ഉടുത്തിരുന്ന സാരികൾ അഴിച്ചുമാറ്റി എറിഞ്ഞുകൊടുക്കുകയായിരുന്നു.
കാർത്തിക്, ശെന്തിൽവേലൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഹൗസ് സർജനായ രഞ്ജിത് (25), പവിത്രൻ(17) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പെരമ്പലൂരിൽനിന്നെത്തിയ അഗ്നിശമന വിഭാഗവും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.