Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിത സംവരണ ബില്ലിന്...

വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

text_fields
bookmark_border
വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
cancel

ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണംചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന യോഗം ബില്ലിന് അംഗീകാരം നൽകിയെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ അറിയിച്ചു.

അതേസമയം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ, എന്ന് അവതരിപ്പിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

മന്ത്രിസഭായോഗത്തിന് ശേഷം വാർത്തസമ്മേളനമോ വാർത്താക്കുറിപ്പോ ഉണ്ടായിരിക്കില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നേരത്തെ അറിയിച്ചിരുന്നു. വനിതാസംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയെന്ന് ദേശീയ മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കേന്ദ്ര സഹമന്ത്രി സമൂഹമാധ്യമമായ ‘എക്സി’ൽ കുറിപ്പിട്ടത്.

വനിതാസംവരണമെന്ന ആവശ്യം നിറവേറ്റുന്നതിനുള്ള ധൈര്യം മോദിസർക്കാറിന് മാത്രമാണുണ്ടായതെന്നും നരേന്ദ്ര മോദിക്കും മോദിസർക്കാറിനും അഭിനന്ദനം നേരുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് നിർണായക തീരുമാനമെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വൈകീട്ട് 6.30ന് ചേർന്ന മന്ത്രിസഭായോഗം 90 മിനിറ്റ് നീണ്ടുനിന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, പീയുഷ് ഗോയൽ, എസ്. ജയശങ്കർ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്‍വാൾ തുടങ്ങിയവർ പങ്കെടുത്തു.

വനിതാസംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാതീരുമാനത്തെ കോൺഗ്രസ് വക്താവ് ജയ്റാം രമേശ് സ്വാഗതം ചെയ്തു. വനിതാസംവരണ ബിൽ നടപ്പാക്കണമെന്നത് കോൺഗ്രസിന്റെ ദീർഘകാലമായുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യമായി നടപടികൾ സ്വീകരിക്കുന്നതിന് പകരം, പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വിഷയം അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ ചർച്ചകൾ നടത്തി സമവായത്തിൽ എത്താൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക സമ്മേളനത്തിൽ ‘ചരിത്രപരമായ തീരുമാനങ്ങൾ’ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭായോഗത്തെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയനിരീക്ഷകർ കാത്തിരുന്നത്.

മന്ത്രിസഭായോഗത്തിന് മുന്നോടിയായ പ്രധാനപ്പെട്ട ചില യോഗങ്ങളും ചേർന്നു. വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി എന്നിവർ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും യോഗത്തിൽ സന്നിഹിതനായിരുന്നു.

വനിതാസംവരണ ബിൽ 2010ൽ രാജ്യസഭ പാസാക്കിയിരുന്നു. ഇതിനുശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Reservation Bill
News Summary - Women's Reservation Bill Cleared In Key Cabinet Meeting, Say Sources
Next Story