വനിത സംവരണം രാജ്യസഭയും കടന്നു; ബിൽ ഇനി നിയമസഭകളിലേക്ക്
text_fieldsന്യൂഡൽഹി: ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന 128ാം ഭരണഘടന ഭേദഗതി ബിൽ ഐകകണേ്ഠ്യന രാജ്യസഭ പാസാക്കിയതോടെ പാർലമെന്റിന്റെ കടമ്പ കടന്നു. ബിൽ ഇനി 15 സംസ്ഥാന നിയമസഭകൾ കൂടി അംഗീകരിക്കണം. ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായി മാറിയാലും സംവരണം നടപ്പാകാൻ കാത്തിരിക്കേണ്ടി വരും. സെൻസസും മണ്ഡല പുനർനിർണയവും ഉപാധികളാക്കിയ ഭരണഘടന ഭേദഗതി ബില്ലാണ് മോദി സർക്കാർ പാസാക്കിയതെന്നതാണ് കാരണം.
മൂന്ന് പതിറ്റാണ്ടിനിടയിൽ പല തവണയായി ലോക്സഭയും രാജ്യസഭയും ഒറ്റക്ക് പാസാക്കിയിട്ടും ഇരുസഭകൾക്കും ഒരുമിച്ച് പാസാക്കാൻ കഴിയാതിരുന്ന വനിത സംവരണമാണ് പ്രത്യേക സമ്മേളനത്തിൽ ലോക്സഭയും രാജ്യസഭയും രണ്ട് ദിവസം കൊണ്ട് പാസാക്കിയത്. ലോക്സഭയിൽനിന്ന് ഭിന്നമായി രാജ്യസഭയിൽ ഐകകണ്േഠ്യനയാണ് ബിൽ പാസാക്കിയത്.
2010ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ഉപാധികളൊന്നുമില്ലാതെ യു.പി.എ സർക്കാർ വനിത സംവരണ ബിൽ പാസാക്കിയ രാജ്യസഭയിൽ 13 വർഷത്തിനു ശേഷമാണ് വീണ്ടും ബിൽ പാസായത്. വ്യാഴാഴ്ച രാവിലെ കേന്ദ്ര നിയമ മന്ത്രി അർജുൻ സിങ് മേഘ്വാളാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. തുടർന്ന് നടന്ന ചർച്ചക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കാനാണ് ‘സെൻസസ് -മണ്ഡല പുനർനിർണയ’ ഉപാധികളോടെ മോദി സർക്കാർ വനിത സംവരണ ബിൽ കൊണ്ടുവന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രാജ്യസഭയിൽ വ്യക്തമാക്കി. ഇപ്പോൾ ബിൽ പാസാക്കിയില്ലെങ്കിൽ 2029ലും വനിത സംവരണം നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2024ൽ നടപ്പാക്കാനല്ലെങ്കിൽ എന്തിനാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതെന്ന് ജോസ് കെ. മാണി ചോദിച്ചു. ബില്ലിൽ ഒ.ബി.സി, മുസ്ലിം സമുദായങ്ങളിൽനിന്നുള്ള സ്ത്രീകൾക്ക് ക്വോട്ട വേണമെന്ന് പി.വി. അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.