വനിതാ സംവരണം: നടപ്പാക്കാൻ കടമ്പകളേറെ
text_fieldsന്യൂഡൽഹി: വനിത സംവരണം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും അടുത്ത് നടപ്പാകാനിടയുണ്ടോ? ഇല്ലെന്നാണ് വനിത സംവരണത്തിനായി കൊണ്ടുവന്ന 128ാം ഭരണഘടന ഭേദഗതി ബില്ലിൽ മോദി സർക്കാർ തന്നെ ചേർത്ത 334 എ(1) അനുഛേദത്തിൽ നിന്ന് വ്യക്തമാകുന്നത്.
2010 ൽ രാജ്യസഭ പാസാക്കിയ ബിൽ, ലോക്സഭ കൂടി പാസാക്കുന്നത് കാത്ത് പാർലമെന്റിലിരിക്കെയാണ് പുതിയ വനിത സംവരണ ബില്ലുമായി മോദി സർക്കാർ പുതിയ പാർലമെന്റിലെ ‘നിയമ നിർമാണോൽഘാടനം’ നിർവഹിക്കുന്നത്. 2047ൽ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഇന്ത്യയെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തത്തിലുടെ മാത്രമേ അത് സാധ്യമാകൂ എന്നും അതിന്റെ ഭാഗമാണ് സ്ത്രീകളുടെ അധികാര പങ്കാളിത്തത്തിനായുള്ള ഈ നിയമ നിർമാണമെന്നും ബില്ലിന്റെ ലക്ഷ്യത്തിൽ മോദി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, അതിനുള്ള തിടുക്കം പുതിയ ബില്ലിലെ വ്യവസ്ഥകളിലില്ല. സംവരണം നടപ്പാക്കണമെങ്കിൽ പുതുതായി സെൻസസും അതിനെ ആധാരമാക്കിയുള്ള മണ്ഡല പുനർനിർണയവും നടത്തിയേ തീരൂ. ഇപ്പോൾ അവതരിപ്പിച്ച 128ാം ഭരണഘടന ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും അതിനു പുറമെ 50 ശതമാനം സംസ്ഥാന നിയമസഭകളും പാസാക്കി നിയമമായാലും 334 എ(1) അനുഛേദത്തിൽ മണ്ഡല പുനർ നിർണയശേഷം മാത്രമേ വനിത സംവരണം നടപ്പാക്കൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ആദ്യ സെൻസസിന്റെ അടിസ്ഥാനത്തിലായിരിക്കണം മണ്ഡല പുനർനിർണയം നടത്തേണ്ടതെന്നും അതിൽ പറയുന്നു. ഈ വ്യവസ്ഥ ഇല്ലായിരുന്നുവെങ്കിൽ ബിൽ നിയമമായശേഷം ലോക്സഭയിലേക്കും നിയമസഭയിലേക്കും നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് ലഭിക്കുമായിരുന്നു.
2011നുശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. സെൻസസ് എത്രയും പെട്ടെന്ന് നടത്തണമെന്നും അത് ജാതി സെൻസസ് ആക്കി നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ തയാറായിട്ടില്ല. കോവിഡിന്റെ പേരിൽ നീട്ടിവെച്ച സെൻസസ് പിന്നീട് എന്തുകൊണ്ടാണ് നടത്താതിരിക്കുന്നത് എന്ന് വെളിപ്പെടുത്താനും സർക്കാർ തയാറായിട്ടില്ല. അതിനിടയിലാണ് വനിത സംവരണത്തിന് സെൻസസും മണ്ഡല നിർണയവും ഉപാധികളായി മോദി സർക്കാർ വെച്ചിരിക്കുന്നത്. ഭരണഘടന പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ 2026 കഴിഞ്ഞാൽ രാജ്യത്ത് മണ്ഡല പുനർ നിർണയം നടത്തണം.
അതല്ലെങ്കിൽ മണ്ഡല പുനർനിർണയം വീണ്ടും നീട്ടിവെച്ച് ഭരണഘടന ഭേദഗതി പാസാക്കണം. നിലവിലുള്ള ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ ലോക്സഭയിൽ ഉത്തരേന്ത്യയിൽ വൻ സീറ്റുവർധനവും ദക്ഷിണേന്ത്യയിൽ വൻ ഇടിവുമുണ്ടാകും. ഇതുകൊണ്ടാണ് മണ്ഡല പുനർനിർണയം വീണ്ടും നീട്ടിവെക്കണമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത ഈ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന് മണ്ഡല പുനർ നിർണയം നടത്താൻ കൂടി വഴിയൊരുക്കുന്നതാണ് വനിത സംവരണ ബിൽ. ആ അർഥത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികളും ബില്ലിനെ സമീപിച്ചാൽ വനിത സംവരണം നിയമമാക്കിയാലും നടപ്പാക്കാൻ വീണ്ടും തടസ്സങ്ങളുയരും.
ലോക്സഭയിലെ വനിത സംവരണം: പുതിയ ‘330എ’ അനുച്ഛേദം
330 എ(1): ലോക്സഭയിൽ വനിതകൾക്ക് സീറ്റുകൾ സംവരണം ചെയ്യും. 330 എ(2): ഭരണഘടനയുടെ 330(2) അനുച്ഛേദ പ്രകാരം നിലവിലുള്ള പട്ടികജാതി-വർഗ സംവരണ സീറ്റുകളിലെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യും. 330 എ(3): ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (പട്ടികജാതി-വർഗ സംവരണ സീറ്റുകളിലെ മൂന്നിലൊന്ന് അടക്കം) വനിതകൾക്കായി സംവരണം ചെയ്യും. നിയമസഭയിലെ വനിത സംവരണം: 332എ അനുച്ഛേദം 332എ(1) സംസ്ഥാന നിയമസഭയിൽ വനിതകൾക്ക് സീറ്റുകൾ സംവരണം ചെയ്യും. 332എ(2): നിയമസഭയിൽ ഭരണഘടനയുടെ 332(3) അനുച്ഛേദപ്രകാരമുള്ള പട്ടികജാതി-വർഗ സംവരണ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം ചെയ്യും.
332എ(3): നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (പട്ടികജാതി-വർഗ സംവരണ സീറ്റുകളിലെ മൂന്നിലൊന്ന് അടക്കം) വനിതകൾക്ക് സംവരണം ചെയ്യും. ഇതേ രീതിയിൽ ഡൽഹി നിയമസഭയിലെ വനിത സംവരണത്തിനായി ഭരണഘടനയുടെ 239എഎ അനുച്ഛേദത്തിൽ (ബിഎ), (ബിബി),(ബിസി) ഉപവകുപ്പുകൾ പുതുതായി കൊണ്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.