സിധു കഴിവുകെട്ടവൻ, മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് അമരീന്ദർ സിങ്
text_fieldsചണ്ഡിഗഡ്: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവ്ജോത് സിങ് സിധുവിനെതിരെ പോര് കനപ്പിച്ച് അമരീന്ദർ സിങ്. സിധു കഴിവ്കെട്ടയാളാണെന്നും മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അമരീന്ദർ പറഞ്ഞു.
'നവ്ജോത് സിങ് സിധു ഒരു കഴിവില്ലാത്ത ആളാണ്, അവൻ ഒരു ദുരന്തമാകാൻ പോകുന്നു. അടുത്ത മുഖ്യമന്ത്രിയായി അവന്‍റെ പേര് ഉയർന്നാൽ ഞാൻ എതിർക്കും. അദ്ദേഹത്തിന് പാകിസ്താനുമായി ബന്ധമുണ്ട്. അത് രാജ്യസുരക്ഷക്ക് ഭീഷണിയാകും' - മുൻ മുഖ്യമന്ത്രിയായ അമരീന്ദർ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലഹത്തെ തുടർന്നാണ് അമരീന്ദർ സിങ് ശനിയാഴ്ച രാജി വെച്ചത്. താൻ അപമാനിക്കപ്പെട്ടുവെന്നും ഹൈക്കമാൻഡിന് വിശ്വാസമുള്ള ആരെയും മുഖ്യമന്ത്രിയാക്കാമെന്നും രാജ്ഭവന് പുറത്ത് വെച്ച് അമരീന്ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിൽ തുടരുമെന്നും അനുയായികളോട് ആലോചിച്ച ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് ചേർന്ന നിയമസഭ കക്ഷി യോഗത്തിന് പിന്നാലെയാണ് രാജി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഹൈക്കമാൻഡ് അമരീന്ദറിനോട് മാറിനിൽക്കാൻ നിർദേശിച്ചതെന്നാണ് സൂചന. അമരീന്ദറിന്‍റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. കർഷക സമരത്തിനെതിരെ അമരീന്ദർ അടുത്തിടെ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈകമാൻഡിന്‍റെ അതൃപ്തി സമ്പാദിച്ചിരുന്നു.
ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ലെന്ന് അമരീന്ദർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. 'ഇത്തരത്തിലുള്ള അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങൾ സഹിച്ച് ഇനിയും പാർട്ടിയിൽ തുടരാനാകില്ല' -അമരീന്ദർ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
നിരവധി എം.എൽ.എമാർ അമരീന്ദറിന്‍റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ആവശ്യം. കൂടാതെ നവ്ജ്യോത് സിങ് സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സുനിൽ ജാക്കർ, മുൻ പഞ്ചാബ് കോൺഗ്രസ് തലവൻ പ്രതാപ് സിങ് ബജ്വ, രവ്നീത് സിങ് ബിട്ടു തുടങ്ങിയ പേരുകളാണ് പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.