ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി, പ്രിസൈഡിങ് ഓഫിസർക്ക് രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ബി.ജെ.പി അട്ടിമറിയിലൂടെ വിജയിച്ച ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല. തെരഞ്ഞെടുപ്പിന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുത്. സുപ്രീംകോടതി എല്ലാം കാണുന്നുണ്ട്. ഇന്ന് അഞ്ച് മണിക്കുള്ളിൽ തെരഞ്ഞെടുപ്പിന്‍റെ എല്ലാ രേഖകളും കോടതിക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
'കാമറയിൽ നോക്കിക്കൊണ്ട് പ്രിസൈഡിങ് ഓഫിസർ ബാലറ്റ് പേപ്പറുകൾ നശിപ്പിക്കുന്നത് വ്യക്തമായി കാണാം. ഇങ്ങനെയാണോ അദ്ദേഹം തെരഞ്ഞെടുപ്പ് നടത്താറ്? ഇത് ജനാധിപത്യത്തെ കളിയാക്കലാണ്. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്. ഇദ്ദേഹത്തെ നിയമനടപടിക്ക് വിധേയനാക്കണം' -കോടതി പറഞ്ഞു.
ചണ്ഡിഗഡിൽ വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗൺസിലർ കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവിന് വിസമ്മതിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു. കോൺഗ്രസ്-എ.എ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിങ് ഓഫിസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വോട്ടുകൾ മനഃപൂർവം അസാധുവായി പ്രഖ്യാപിച്ചതോടെയാണ് ബി.ജെ.പി സ്ഥാനാർഥി മനോജ് സോങ്കർ മേയറായത്. തുടർന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല.
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചാണ് ബി.ജെ.പി വിജയം നേടിയത്. അംഗബലം നോക്കുമ്പോൾ ‘ഇൻഡ്യ’ സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. എന്നാൽ, ‘ഇൻഡ്യ’ സഖ്യത്തിന്‍റെ വോട്ടുകൾ പ്രിസൈഡിങ് ഓഫിസർ അസാധുവായി പ്രഖ്യാപിച്ചതോടെയാണ് ബി.ജെ.പി ജയിച്ചത്.
35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. ‘ഇൻഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. ഇതാണ് ബി.ജെ.പിയുടെ ‘ചതി’യായി വിശേഷിപ്പിക്കപ്പെട്ടത്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.