ഇന്ത്യയിൽ 'താലിബാനിസം ചിന്താഗതി' അനുവദിക്കില്ല; ഉദയ്പൂർ കൊലപാതകത്തിൽ അജ്മീർ ദർഗ തലവൻ
text_fieldsജയ്പൂർ: ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് അജ്മീർ ദർഗ ദീവാൻ സൈനുൽ ആബിദീൻ അലി ഖാൻ. ഇന്ത്യയിൽ 'താലിബാനിസം ചിന്താഗതി' വളരാൻ രാജ്യത്തെ മുസ്ലിംകൾ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു മതവും മനുഷ്യത്വത്തിനെതിരായ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ചും, ഇസ്ലാം മതത്തിൽ, എല്ലാ മതാധ്യാപനങ്ങളുടെയും അടിസ്ഥാനം സമാധാനമാണ് -അദ്ദേഹം പറഞ്ഞു.
ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഭയാനകമായ വിഡിയോയിൽ, ഒരു പാവപ്പെട്ട മനുഷ്യനുനേരെ വികൃത മനസ്സുള്ളവരാണ് ക്രൂരമായ ആക്രമണം നടത്തിയത്. ഇസ്ലാമിക ലോകത്ത് കടുത്ത ശിക്ഷാർഹമായ കാര്യമാണിത്. ആക്രമണത്തിന്‍റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന തീവ്ര സംഘങ്ങളാണ് ഈ ആക്രമണത്തിനു പിന്നിൽ. ഇതിനെ ശക്തമായി തള്ളിപ്പറയുന്നു. കുറ്റവാളികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.
ഇന്ത്യയിലെ മുസ്ലിംകൾ അവരുടെ മാതൃരാജ്യത്ത് താലിബാനിസം ചിന്താഗതി വളർന്നുവരാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജംഇയ്യത്ത് ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കീമുദ്ദീൻ ഖാസിമിയും കൊലപാതകത്തെ ശക്തമായി അപലപിച്ചു. ഈ ക്രൂര കൃത്യം ആരു ചെയ്തതായാലും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഇത് നമ്മുടെ മതത്തിനും രാജ്യത്തെ നിയമങ്ങൾക്കും എതിരാണെന്നും അദ്ദേഹം പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദും അപലപിച്ചു.
കൃത്യം കിരാതവും പ്രാകൃതവുമാണെന്നും ഇസ്ലാമിൽ ആക്രമങ്ങൾക്ക് ഇടമില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. ഈ ഹീനമായ കുറ്റകൃത്യത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഒരാളും ശ്രമിക്കരുതെന്നും ജമാഅത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.