'ഹിന്ദിക്ക് അടിമപ്പെടാൻ ഒരുക്കമല്ല, ഞങ്ങളെ നിര്‍വചിക്കുന്നത് ഞങ്ങളുടെ ഭാഷയും പാരമ്പര്യവും'
text_fieldsചെന്നൈ: ഹിന്ദിയെ എതിർപ്പ് കൂടാതെ അംഗീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടി നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അമിത് ഷായുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് പറഞ്ഞ സ്റ്റാലിൻ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുക്കുമെന്നും വ്യക്തമാക്കി.
'ഹിന്ദി ഭാഷയെ എല്ലാവരും അംഗീകരിക്കണമെന്നുള്ള അമിത് ഷായുടെ ധിക്കാരപൂര്‍വമായ നിലപാടിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമര്‍ത്താനുള്ള പ്രകടമായ ശ്രമമാണിത്. ഹിന്ദിയുടെ ഒരുതരത്തിലുമുള്ള ആധിപത്യത്തേയും അടിച്ചേല്‍പ്പിക്കലിനേയും സ്വീകരിക്കാന്‍ തമിഴ്‌നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിര്‍വചിക്കുന്നത്' -സ്റ്റാലിന്‍ ട്വീറ്റിൽ പറഞ്ഞു.
സ്വീകാര്യത പതുക്കെയാണെങ്കിലും യാതൊരെതിര്‍പ്പുമില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്നായിരുന്നു വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞത്. ഹിന്ദി മറ്റു പ്രാദേശികഭാഷകളുമായുള്ള മത്സരത്തിനില്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതല്‍ കരുത്താര്‍ജിക്കാനാകൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനാണ് സ്റ്റാലിൻ മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.