വ്യാപക വിമർശനം നേരിട്ട പുതിയ സ്വകാര്യത നയം ഉടൻ നടപ്പാക്കില്ലെന്ന് വാട്സാപ് കോടതിയിൽ
text_fieldsന്യൂഡൽഹി: വ്യാപക വിമർശനത്തിനിടയാക്കി ഉപയോക്താക്കൾക്ക് വാട്സാപ് നിർബന്ധമാക്കിയ പുതിയ സ്വകാര്യത നയം ഉടൻ അടിച്ചേൽപിക്കില്ലെന്ന് കോടതിയിൽ. വ്യക്തിഗത വിവര സംരക്ഷണ ബിൽ നടപ്പാകുംവരെ നിയമം നടപ്പാക്കില്ലെന്ന് വാട്സാപിനും ഫേസ്ബുക്കിനും വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
പുതിയ സ്വകാര്യത നയത്തിന്‍റെ ഭാഗമാകാത്തവർക്ക് പരിമിതികൾ ഏർപെടുത്തുമെന്ന തീരുമാനവും നിർത്തിവെക്കും. ''നയം ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവര സംരക്ഷണ ബിൽ നിയമമാകുംവരെ നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തുറന്ന സമീപനമാണിത്. കാരണം, ബിൽ എന്നുനടപ്പാകും എന്നറിയില്ല''- ചീഫ് ജസ്റ്റീസ് ഡി.എൻ പാട്ടീൽ, ജസ്റ്റീസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ ഹരീഷ് സാൽവേ പറഞ്ഞു.
നിർബന്ധിതമായല്ല, സ്വയമേവ തീരുമാനിച്ചാണ് സ്വകാര്യത നയം നടപ്പാക്കേണ്ടെന്ന് വെച്ചതെന്നും സാൽവേ പറഞ്ഞു.
ജനുവരിയിലാണ് വാട്സാപ്പ് ആദ്യമായി സ്വകാര്യത നയം പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരിയിൽ നടപ്പാക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപനം. എന്നാൽ, കടുത്ത വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ മേയ് 15 വരെ നീട്ടി. അതുകഴിഞ്ഞും നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് എടുത്തുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ, മറ്റു സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ ചേക്കേറിയത് കമ്പനിയെ പ്രതിസന്ധിയിലാക്കി. സിഗ്നൽ, ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളാണ് ഇതിന്‍റെ നേട്ടം കൊയ്തത്.
എന്നാൽ, അക്കൗണ്ട് എടുത്തുകളയില്ലെന്നും അവയുടെ ഉപയോഗം പരിമിതപ്പെടുത്തുമെന്നുമായി പിന്നീട് വിശദീകരണം. എന്നിട്ടും വഴങ്ങാതെ ഭൂരിപക്ഷം വരിക്കാരും മാറിനിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.