ഒരു പള്ളിയും മുസ്‍ലിംകൾ ഹിന്ദുപക്ഷത്തിന് വിട്ടുകൊടുക്കില്ല -അസദുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: മുസ്‍ലിംകൾ ഒരു പള്ളിയും ഹിന്ദുപക്ഷത്തിന് വിട്ടുകൊടുക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനായി അനുമതി നൽകിയ കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാളെ രാഷ്ട്രപതിഭവൻ കുഴിക്കാൻ തുടങ്ങിയാൽ എന്തെങ്കിലും കണ്ടെത്തും. നൂറുകണക്കിന് വർഷങ്ങളായി ഇവിടെ ഞങ്ങൾ നമസ്കരിക്കുന്നു. ബാബരി മസ്ജിദിൽ നിന്ന് വ്യത്യസ്തമാണ് ഗ്യാൻവാപിയെന്നും ഉവൈസി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച സ്ഥലത്ത് മുസ്‍ലിംകൾ പ്രാർഥന നടത്തുന്നില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഈ കേസ് ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. അതിനെ നിയമപരമായി നേരിടും. ഞങ്ങളുടെ പക്കലുള്ള എല്ലാ തെളിവുകളും രേഖകളും കോടതിയിൽ ഹാജരാക്കുമെന്നും ഉവൈസി വ്യക്തമാക്കി. ഗ്യാൻവാപിയിൽ 1993മുതൽ ഒരു പൂജയും നടന്നിട്ടില്ല. മുസ്‍ലിംകൾ അവിടെ വർഷങ്ങളായി നമസ്കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി തന്റെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നത്. ഇന്ത്യയിലെ മുസ്‍ലിംകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വാസം നഷ്ടമായെന്നും ഉവൈസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.