ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിൽ രണ്ടു വർഷം കൂടി കാലാവധിയുണ്ട് -ദിഗ്‍വിജയ് സിങ്
text_fieldsഭോപാൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ്. രാജ്യസഭ എം.പി സ്ഥാനത്ത് രണ്ടിലേറെ വർഷംകൂടി കാലാവധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിൽ രണ്ടുതവണ മുഖ്യമന്ത്രിയായിട്ടുള്ള ദിഗ്‍വിജയ് സിങ് 2020 ജൂണിലാണ് രാജ്യസഭ എം.പിയായത്. ആറുവർഷത്തെ കാലാവധി 2026 ജൂണിലാണ് അവസാനിക്കുക.
''എന്നെ സംബന്ധിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം പോലും പ്രസക്തമല്ല. കാരണം ഞാനിപ്പോൾ രാജ്യസഭ എം.പിയാണ്. രണ്ടുവർഷത്തിൽ കൂടുതൽ കാലാവധി ബാക്കിയുണ്ട്.''-ദിഗ്‍വിജയ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്ഗഡ് ലോക്സഭ മണ്ഡലത്തിൽ ഇക്കുറി കോൺഗ്രസ് അദ്ദേഹത്തെ സ്ഥാനാർഥിയായി നിർത്തുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ രാജ്ഗഡ്, രഘോഗഡ്, ഖിൽചിപൂർ മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരുമായി അദ്ദേഹം നിരന്തരം ബന്ധം പുലർത്തിയതും സ്ഥാനാർഥിത്വം സംബന്ധിച്ച റിപ്പോർട്ടുകൾ പടരാൻ കാരണമായി. ഈ നിയമസഭ മണ്ഡലങ്ങളെല്ലാം രാജ്ഗഡിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിലാണ് ദിഗ്‍വിജയ് സിങ് നയം വ്യക്തമാക്കിയത്. അതേസമയം, രാജ്യസഭ എം.പിസ്ഥാനത്ത് ദിഗ്‍വിജയ് സിങ് നിലനിർത്തുന്നതിനല്ല, ലോക്സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് താൽപര്യമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭോപാൽ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ പ്രഗ്യാ സിങ് താക്കൂറിനോട് മൂന്നരലക്ഷത്തിൽ പരം വോട്ടുകൾക്ക് ദ്വിഗ് വിജയ്സിങ് പരാജയപ്പെട്ടിരുന്നു. സിങ്ങിന്റെ സ്വന്തം മണ്ഡലമാണ് രാജ്ഗഡ്. 1984 ലും 1991 ലും രാജ്ഗഡിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചത്. അദ്ദേഹത്തിന്റെ നിയമസഭ മണ്ഡലമായ ഗുണയും രാജ്ഗഡിലാണ്.
മണ്ഡലത്തിലെ ലോക്സഭ സ്ഥാനാർഥിയെ പാർട്ടി ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ 29 ലോക്സഭ സീറ്റുകളിൽ 28ഉം ബി.ജെ.പിക്കാണ്. 2023ലെ നിയമ സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.