'ജീവനുള്ളിടത്തോളം കാലം അനുവദിക്കില്ല'; പൗരത്വഭേദഗതിക്കെതിരെ മമത ബാനർജി
text_fieldsകൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പൗരത്വഭേദഗതി നിയമം വീണ്ടും ചർച്ചയാക്കിയ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവുമായ മമത ബാനർജി. ഉത്തർ ജിനജ്പൂർ ജില്ലയിൽ നടന്ന പിരപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമർശം.
"തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി ചർച്ചയാക്കുന്നത്. പക്ഷേ ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാൻ ജീവനോടെയുള്ളിടത്തോളം കാലം പശ്ചിമബംഗാളിൽ ഈ നിയമം നടപ്പിലാക്കില്ല," മമത ബാനർജി പറഞ്ഞു.
രാജ്യത്ത് ഏഴ് ദിവസത്തിനുള്ളിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രിയും പശ്ചിമബംഗാൾ ബി.ജെ.പി നേതാവുമായ ശാന്തനു ഠാക്കൂർ പറഞ്ഞതിന് പിന്നാലെയാണ് മമതയുടെ പരാമർശം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം നടത്തിയത്.പശ്ചിമ ബംഗാൾ അടക്കം രാജ്യത്തൊട്ടാകെ ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അഭയാർഥികളായ സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ്. ദേശീയ പൗരത്വ നിയമം എന്നത് രാജ്യത്തെ നിയമമാണ്, ആർക്കും അത് തടയാനാവില്ല. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ബി.ജെ.പിയുടെ പ്രതിബദ്ധതയാണിതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.