സ്വയം വിവാഹം കഴിക്കാനൊരുങ്ങിയ യുവതിക്കെതിരെ ബി.ജെ.പി; അമ്പലത്തിൽ ചടങ്ങ് അനുവദിക്കില്ല
text_fieldsഗാന്ധിനഗർ: സ്വയം വിവാഹം കഴിക്കാനുള്ള ഗുജറാത്ത് യുവതിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പി. യുവതിയെ അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സിറ്റി യൂനിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല പ്രതികരിച്ചു.
വഡോദരയിലെ ക്ഷമ ബിന്ദുവെന്ന 24 കാരിയാണ് താൻ തന്നെ തന്നെ സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചതായി സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്. ജൂൺ 11നാണ് തന്‍റെ വിവാഹമെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ ഇത്തരം വിവാഹങ്ങൾ ഹിന്ദുമത വിശ്വാസത്തിന് എതിരാണെന്നും അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കാൻ യുവതിയെ അനുവദിക്കില്ലെന്നും സുനിത ശുക്ല പറഞ്ഞു.
ബിന്ദുവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ആൺകുട്ടിക്ക് ആൺകുട്ടിയെയോ പെൺകുട്ടിക്ക് പെൺകുട്ടിയെയോ വിവാഹം കഴിക്കാമെന്ന് ഹിന്ദു സംസ്‌കാരത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദു മതത്തിന് എതിരാണ്. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയാൻ കാരണമാകും. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ ഒരു നിയമവും നിലനിൽക്കില്ല- സുനിത ശുക്ല പറഞ്ഞു.
സോഷ്യോളജിയിൽ ബിരുദധാരിയായ ക്ഷമ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ്. എല്ലാ പരമ്പരാഗത ആചാരങ്ങളോട് കൂടിയായിരിക്കും വിവാഹമെന്ന് ക്ഷമ അറിയിച്ചിരുന്നു. താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ വധുവാകാൻ ആഗ്രഹമുള്ളതിനാൽ താൻ സ്വയം വിവാഹം കഴിക്കാൻ തിരുമാനിച്ചെന്നും യുവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.