സഹീർ ഇഖ്ബാലുമായുള്ള വിവാഹം ‘ലൗ ജിഹാദ്’; സൊനാക്ഷിയെ ബിഹാറിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഹിന്ദുത്വവാദികളുടെ പോസ്റ്റർ
text_fieldsപട്ന: ബോളിവുഡ് നടി സൊനാക്ഷി സിൻഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി ഹിന്ദുത്വ വാദികൾ. നടൻ സഹീർ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലൗ ജിഹാദാ’ണെന്നും അവരെ ബിഹാറിൽ കാലുകുത്താൻ അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്റർ ആണ് പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ പട്നയിൽ ഉടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഈ മാസം 23ന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായിരുന്നു.
സൊനാക്ഷിയുടെ പിതാവും മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹക്കും സന്ദേശം അയച്ചിട്ടുണ്ട്. ‘ഹിന്ദു ശിവ്ഭവാനി സേന’ എന്ന പേരിലുള്ള സംഘടനയാണ് സിൻഹ കുടുംബത്തെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്ററുകൾ പതിച്ചത്. സൊനാക്ഷിയും സഹീറും രാജ്യത്തെ മുഴുവൻ ‘ഇസ്‍ലാമിക’മാക്കാൻ ശ്രമിക്കുകയാണെന്നും സംഘം ആരോപിക്കുന്നു. ‘സൊനാക്ഷിയുടെയും സഹീറിന്റെയും വിവാഹം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. പ്രണയത്തിന്റെ മറവിൽ നടക്കുന്ന മതപരമായ ഗൂഢാലോചനയാണ് വിവാഹം. ഹിന്ദു സംസ്‌കാരത്തെ തകർക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ശത്രുഘ്നൻ സിൻഹ മകളുടെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം പുനഃരാലോചിക്കണമെന്നും അല്ലാത്തപക്ഷം മുംബൈയിലെ തന്റെ വസതിക്കിട്ട ‘രാമായണ’ എന്ന പേരും മക്കളുടെ ലവ, കുഷ എന്നീ പേരുകളും മാറ്റണമെന്നും’ ഭീഷണിപ്പെടുത്തുന്നു.
സൊനാക്ഷിയും സഹീറും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, തന്റെ മകൾ നിയമമോ ഭരണഘടനയെയോ ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും ആർക്കും ഇക്കാര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്നും ശത്രുഘ്നൻ സിൻഹ പ്രതികരിച്ചു. ജീവിതത്തിൽ ഉപകാരപ്രദമായ വല്ലതും ചെയ്യൂ എന്നും പ്രതിഷേധക്കാരോട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 23നാണ് വിവാഹം സംബന്ധിച്ച ആദ്യ പോസ്റ്റ് സമൂഹ മാധ്യമത്തിൽ സൊനാക്ഷിയും സഹീറും പങ്കുവെച്ചത്. തൊട്ടുപിന്നാലെ വിദ്വേഷ കമന്റുകളുമായി ഹിന്ദുത്വ വാദികൾ അതിനുതാഴെ അഴിഞ്ഞാടാൻ തുടങ്ങി. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽവെച്ച് ബന്ധുക്കളും സൃഹൃത്തുക്കളുമായിട്ടുള്ള അത്യാവശ്യം ആളുകളെ പങ്കെടുപ്പിച്ചുള്ള ചടങ്ങിലായിരുന്നു വിവാഹം. എന്നാൽ, സൊനാക്ഷി സിൻഹയുടെ സഹോദരൻ ലവ സിൻഹ വിവാഹത്തിൽ നിന്ന് വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.