തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയെത്തിയാൽ വേദി പങ്കിടില്ല -നിലപാടറിയിച്ച് മിസോറം മുഖ്യമന്ത്രി
text_fieldsഐസ് വാൾ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയാൽ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് മിറോറം മുഖ്യമന്ത്രി സോറംതംഗ. ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ഈ മാസം 30ന് മോദി മിസോറമിലെത്തുമെന്നാണ് കരുതുന്നത്.
''മിസോറമിലെ ജനങ്ങൾ ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ മെയ്ത്തികൾ അവിടത്തെ നൂറുകണക്കിന് ചർച്ചുകൾക്കാണ് തീയിട്ടത്. മിസോറമിലെ ജനത ഇത്തരം നടപടിക്ക് എതിരാണ്. ഈ സമയത്ത് ബി.ജെ.പിയോട് അനുഭാവം പുലർത്തുന്നത് എന്റെ പാർട്ടിയുടെ പ്രതിഛായയെയാണ് ബാധിക്കുക.''-സോറംതംഗ പറഞ്ഞു.
പ്രധാനമന്ത്രി തനിച്ച് വന്ന് വേദിയിലിരിക്കുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നയിക്കുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലെ(എൻ.ഇ.ഡി.എ)യും എൻ.ഡി.എയിലും ഘടക കക്ഷിയാണ് സോറംതംഗയുടെ എം.എൻ.എഫ്. എന്നാൽ മിസോറമിൽ പാർട്ടി ബി.ജെ.പിയുമായി സഹകരിക്കുന്നില്ല. കോൺഗ്രസിനെ എതിർക്കുന്നതിനാലാണ് എൻ.ഡി.എയും എൽ.ഇ.ഡി.എയുമായി സഖ്യം ചേർന്നതെന്നും പ്രതിപക്ഷത്തിന്റെ ഇന്ത്യസഖ്യത്തിൽ ചേരില്ലെന്നും മിസോറം മുഖ്യമന്ത്രി വ്യക്തമാക്കി.
മ്യാൻമർ, ബംഗ്ലാദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് അഭയം നൽകുമ്പോൾ, മിസോറാം സർക്കാർ കേന്ദ്രത്തിന്റെ പാത പിന്തുടരുകയാണെന്ന് സോറംതംഗ പറഞ്ഞു.
''കേന്ദ്രസർക്കാർ മുൻ കിഴക്കൻ പാകിസ്താനിൽ നിന്നുള്ള അഭയാർഥികളെ സഹായിക്കുകയും സ്വാതന്ത്ര്യം നേടുന്നതിന് അവർക്ക് ആയുധം നൽകുകയും ചെയ്തു. മ്യാൻമറിൽ നിന്നുള്ള അഭയാർഥികൾക്ക് ഞങ്ങൾ ആയുധം നൽകുന്നില്ല, എന്നാൽ മാനുഷിക കാരണങ്ങളാൽ ഞങ്ങൾ അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നു.'' -അദ്ദേഹം പറഞ്ഞു.
മ്യാൻമർ, ബംഗ്ലാദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 40,000 അഭയാർഥികൾക്ക് മിസോറം അഭയം നൽകിയിരുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സോറംതംഗ പറഞ്ഞു. മിസോറമിലെ 40 അംഗ നിയമസഭ സീറ്റിലേക്ക് നവംബർ ഏഴിനാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.