എതിരാളികളെ പരിഹസിക്കില്ല; വൃത്തികെട്ട രാഷ്ട്രീയം കളിക്കില്ല -പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
text_fieldsരാഷ്ട്രീയ എതിരാളികളെ പരിഹസിക്കുകയോ, പ്രകോപിപ്പിക്കുകയോ ചെയ്യില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്‍റെ പൂർവിക ഗ്രാമമായ ഖത്കർ കാലാനിൽ പഞ്ചാബിന്‍റെ പതിനേഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് വോട്ട് ചെയ്യാത്തവരുടെ കൂടി മുഖ്യമന്ത്രിയാണ് ഞാൻ. ഇത് അവരുടെ കൂടി സർക്കാറാണ്. അവരുടെ ഉന്നമനത്തിനുവേണ്ടിയും ഞങ്ങൾ പ്രവർത്തിക്കും. ഇത് ജനാധ്യപത്യമാണ്. ഏതൊരാൾക്കും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഞാനൊരു അഹങ്കാരിയാണെന്ന് ജനം ചിന്തിക്കുന്നത് ഞാൻ അഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയെ കുറിച്ച് ഭഗത് സിങ് ആശങ്കപ്പെട്ടിരുന്നു. നമ്മുടെ പ്രദേശത്തിന്‍റെ പുരോഗതി ഈ സർക്കാർ ഉറപ്പാക്കും. തൊഴിലില്ലായ്മ മുതൽ കർഷകർ വരെയുള്ള എല്ലാവരുടെയും പ്രശ്നങ്ങളും സർക്കാർ പരിഹരിക്കും. ചെറിയ പ്രശ്നങ്ങൾക്ക് വരെ പരിഹാരം കാണും. പഞ്ചാബിൽ സ്കൂളുകളും ആശുപത്രികളും നിർമിക്കും. നിങ്ങളുടെ അനുഗ്രഹമാണ് ഞങ്ങൾക്ക് വേണ്ടതെന്നും മാൻ കൂട്ടിച്ചേർത്തു.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ എത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ 117 അംഗ പഞ്ചാബ് നിയമസഭയിൽ എ.എ.പി 92 സീറ്റുകൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.