സ്‌കൂളുകൾ തുറന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല, പ്രതിഷേധവുമായി പഞ്ചാബിലെ അധ്യാപകരും രക്ഷിതാക്കളും
text_fieldsസ്‌കൂളുകൾ തുറന്നില്ലെങ്കിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് ആഹ്വാനം ചെയ്ത് സ്‌കൂൾ അഡ്മിനിസ്ട്രേഷനും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടെയുള്ളവർ പഞ്ചാബിലുടനീളം ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. പഞ്ചാബിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ഫെബ്രുവരി എട്ടുവരെ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
പഞ്ചാബ് അൺ എയ്ഡഡ് സ്കൂൾ അസോസിയേഷന്റ കീഴിലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള പ്രതിഷേധം നടക്കുന്നത്.
കഴിഞ്ഞ വർഷം സ്‌കൂളുകൾ ഒമ്പത് മാസത്തോളം അടച്ചിട്ടെന്നും ഇപ്പോൾ വീണ്ടും ജനുവരി അഞ്ച് മുതൽ തുടർച്ചയായി സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിൽ ജീവനക്കാർക്കും കുട്ടികൾക്കും കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്നും മറ്റുള്ള സ്ഥാപനങ്ങൾ എല്ലാം തുറന്ന സ്ഥിതിക്ക് എന്തുകൊണ്ടാണ് സ്കൂളുകൾ അടച്ചിരിക്കുന്നതെന്നും ഇവർ ഉന്നയിച്ചു.
മൊബൈൽ ഫോണിൽ പഠിക്കുന്നത് കുട്ടികളുടെ കണ്ണുകളെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികൾ നടക്കുമ്പോൾ സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നതിന്‍റെ യുക്തിരാഹിത്യത്തെയാണ് പ്രതിഷേധക്കാർ ഉയർത്തികാണിക്കുന്നത്.
ഓൺലൈൻ ക്ലാസുകൾക്കുള്ള പ്ലാറ്റ്‌ഫോമോ സൗകര്യങ്ങളോ സർക്കാർ നൽകുന്നില്ലെന്ന് അധ്യാപികയായ സ്വീറ്റി ശർമ്മ പറഞ്ഞു. ഫെബ്രുവരി എട്ടിന് സ്കൂൾ തുറക്കാന്‍ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.