ശ്രദ്ധിച്ചില്ലെങ്കിൽ വാക്കുകൾ ദുരുപയോഗം ചെയ്യും -മല്ലികാർജുൻ ഖാർഗെയുടെ രാവണൻ പ്രയോഗത്തിൽ മുംതാസ് പട്ടേൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശം വിവാദത്തിന് തിരികൊളുത്തിയിരുന്നു. ആരു തന്നെയായാലും സംസാരിക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കണമെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകൻ അഹ്മദ് പട്ടേലിന്റെ മകളാണ് മുംതാസ്.
''എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് നമ്മൾ വളരെയധികം ശ്രദ്ധിക്കണം. കാരണം നമ്മുടെ വാക്കുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ പറയാൻ ഉദ്ദേശിച്ച കാര്യം ആളുകളിലെത്തില്ല.''-മുംതാസ് പട്ടേൽ ചൂണ്ടിക്കാട്ടി. കോൺഗ്രസിനോട് മാത്രമല്ല, എല്ലാ പാർട്ടിയിലെയും ആളുകളോടും ഇതാണ് പറയാനുള്ളതെന്നും അവർ വ്യക്തമാക്കി.
അഹ്മദാബാദിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഖാർഗെ മോദിയെ രാവണൻ എന്ന് വിളിച്ചത്. ''മോദിജിയാണ് നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ കടമകൾ മാറ്റി വെച്ച് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്, എം.എൽ.എ തെരഞ്ഞെടുപ്പ്, എം.പി തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എല്ലാം തന്നെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. മറ്റാരേയും നോക്കണ്ട, എന്നെ മാത്രം ആലോചിച്ച് വോട്ട് ചെയ്യൂ എന്നാണ് പറയുന്നത്. എത്ര തവണ ഞങ്ങൾ നിങ്ങളുടെ മുഖം കാണണം. നിങ്ങൾക്ക് എത്ര രൂപങ്ങളുണ്ട്. നിങ്ങൾക്ക് രാവണനെ പോലെ 100 തലകളുണ്ടോ? എന്നായിരുന്നു ഖാർഗെയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.