ജോലി സമ്മർദ്ദം; എസ്.ബി.ഐ മാനേജർ ആത്മഹത്യ ചെയ്തു, കീടനാശിനി കുടിച്ചത് ബാങ്കിനുള്ളിൽവെച്ച്
text_fieldsഹൈദരാബാദ്: ജോലി സമ്മർദത്തെ തുടർന്ന് ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കുമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. വാങ്കിടി മണ്ഡലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) മാനേജരായിരുന്ന ബനോത്ത് സുരേഷ് (35) ആണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.
ജോലി സമ്മർദത്തെ തുടർന്ന് ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഓഗസ്റ്റ് 17ന് രാത്രി 7.30ഓടെ ഓഫീസിനുള്ളിൽ വെച്ചാണ് സുരേഷ് കീടനാശിനി കഴിച്ചത്. ഛർദ്ദി തുടങ്ങിയപ്പോൾ ജീവനക്കാർ ആസിഫാബാദിലെ സർക്കാർ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.
പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആദ്യം മഞ്ചേരിയയിലുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, ആരോഗ്യനില കൂടുതൽ വഷളാകാൻ തുടങ്ങിയതോടെ കരിംനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ, ഓഗസ്റ്റ് 20ന് സുരേഷ് മരണത്തിന് കീഴടങ്ങി. ഭാര്യയും നാല് വയസ്സുള്ള മകനുമുണ്ട്.
ജോലി സമ്മർദം കാരണം സുരേഷിന് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷിന്‍റെ ഭാര്യ പ്രിയങ്ക പറഞ്ഞു. രണ്ടു പേരുടെ ജോലിയാണ് താൻ കൈകാര്യം ചെയ്യുന്നതെന്ന് സുരേഷ് തന്നോട് പറയാറുണ്ടായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ചിന്തഗുഡ ഗ്രാമത്തിൽ താമസിക്കുന്ന സുരേഷിനെ ഒരു വർഷം മുമ്പാണ് വാങ്കിടി ബ്രാഞ്ചിലേക്ക് മാനേജരായി സ്ഥലം മാറ്റിയത്. സുരേഷിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.