വീട് പൊളിക്കുന്നതിനിടെ മേൽക്കൂര തകർന്ന് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
text_fieldsകാൻപൂർ: പഴയ വീട് പൊളിക്കുന്നതിനിടെ മേൽക്കൂര തകർന്ന് വീണ് തൊഴിലാളി മരിച്ചു. ഉത്തർപ്രദേശിലെ കാൻപൂരിൽ ഗാസിയാരി മണ്ഡിയിലാണ് സംഭവം. സുൽത്താൻപൂർ സ്വദേശിയായ നിഹാലാണ് മരിച്ചത്.
പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേൽക്കൂര തകർന്ന് നിഹാലിന്‍റെ ദേഹത്ത് വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊഴിലാളികളും കരാറുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിഹാൽ ഭാര്യക്കും മക്കൾക്കുമൊപ്പം ശുക്ലഗഞ്ചിലെ വാടക വീട്ടിലായിരുന്നു താമസം.
അതേസമയം നിർമാണ പ്രവർത്തനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല നടന്നിരുന്നതെന്ന് ഈസ്റ്റ് ഡി.സി.പി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്ഥലമുടമക്കും കരാറുകാരനുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിഹാലിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി. അഞ്ചു ലക്ഷം രൂപയായിരിക്കും നഷ്ടപരിഹാരം നൽകുക. രജിസ്റ്റർ ചെയ്യാത്ത പക്ഷം 50,000 രൂപയായിരിക്കും നഷ്ടപരിഹാര തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.