Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലാളികൾ തുരങ്കത്തിൽ...

തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ട് 175 മണിക്കൂർ പിന്നിട്ടു; പുറത്തെത്തിക്കാൻ അഞ്ചിന മാർഗരേഖ

text_fields
bookmark_border
തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ട് 175 മണിക്കൂർ പിന്നിട്ടു; പുറത്തെത്തിക്കാൻ അഞ്ചിന മാർഗരേഖ
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. മിഷൻ പൂർത്തിയാകാൻ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

രക്ഷാപ്രവർത്തനത്തിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തിട്ടുണ്ട്. ഒരേസമയം പ്രവർത്തിക്കുന്ന അഞ്ച് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെ വിദഗ്ധരും ചേർന്ന് ആസൂത്രണം ചെയ്യുന്നത്.

“ഒരു പദ്ധതിയിൽ മാത്രം പ്രവർത്തിക്കുന്നതിനുപകരം, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്രയും വേഗം എത്തിച്ചേരാനുള്ള അഞ്ച് പദ്ധതികളിൽ ഒരേസമയം പ്രവർത്തിക്കണമെന്നാണ് വിദഗ്ധരുടെ കാഴ്ചപ്പാട്,” പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഭാസ്കർ ഖുൽബെ പറഞ്ഞു.

സമാന്തരമായി തുരക്കുന്ന പ്രവൃത്തി വിജയിക്കാത്ത പശ്ചാത്തലത്തിൽ മുകളിൽ നിന്നും കുഴിയെടുത്ത് രക്ഷാപ്രവർത്തനം നടത്താനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ഇന്ന് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം അവലോകനം ചെയ്തു. എല്ലാ കേന്ദ്ര ഏജൻസികളുമായും ഏകോപിപ്പിക്കുന്നതിന് എം.ഡി മഹമൂദ് അഹമ്മദാസിനെ ചുമതലപ്പെടുത്തി.

അതേസമയം, 175 മണിക്കൂറോളമായി തൊഴിലാളികൾ ജീവനോടും സമയത്തോടും മല്ലടിക്കുകയാണ്. തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുഴൽ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും തുരങ്കത്തിനകത്ത് നൽകുന്നുണ്ട്. എന്നാൽ, പലർക്കും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. വയർ സ്തംഭനം, തലവേദന, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് പലർക്കുമുള്ളത്.

തുരങ്കത്തിനുള്ളിലെ സാഹചര്യം കണക്കിലെടുത്ത് ഡ്രൈ ഫ്രൂട്സ്, പൊരി, ചോളം മുതലായ ഭക്ഷണങ്ങളാണ് തൊഴിലാളികൾക്ക് നൽകുന്നത്. എന്നാൽ, മൂന്ന് നേരം നന്നായി ഭക്ഷണം കഴിച്ചിരുന്ന തൊഴിലാളികളുടെ ശാരീരിക ക്ഷമത നിലനിർത്താൻ ഈ ഭക്ഷണം മതിയാവില്ല.

തുരങ്കത്തിനകത്തുള്ള മറ്റ് വാതകങ്ങളുടെയും മൂലകങ്ങളുടെയും സാന്നിധ്യം ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്കയുമുണ്ട്. രക്തസമ്മർദ്ദം കുറയുന്ന സാഹചര്യങ്ങളും അപകടാവസ്ഥയിലേക്ക് നയിക്കാം.

തൊഴിലാളികൾക്ക് വൈറ്റമിൻ സി ഗുളികകളും വയർ സ്തംഭനം, തലവേദന തുടങ്ങിയവക്കുള്ള മരുന്നുകളും നൽകിയെന്ന് ഉത്തരകാശി സി.എം.ഒ പറഞ്ഞു.

അതേസമയം, രക്ഷാപ്രവർത്തനം വൈകുന്നതിൽ സഹതൊഴിലാളികളും ബന്ധുക്കളും അസംതൃപ്തി പ്രകടിപ്പിച്ചു. നവംബർ 12നാണ് നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയത്. 60 മീറ്റർ ഉള്ളിലായാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.

തുരങ്കത്തിന് സമാന്തരമായി തുരന്ന് വ്യാസമേറിയ പൈപ്പിട്ട് തൊഴിലാളികളെ അതുവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഡ്രില്ലിങ് മെഷീന്‍റെ തകരാർ രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. പു​തി​യ ഡ്രി​ല്ലി​ങ് യ​ന്ത്രം എ​ത്തി​ച്ച് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും തുരക്കുന്നതിനിടെ വിള്ളലിന്‍റെ ശബ്ദം കേട്ടതിനെ തുടർന്ന് ഇത് നിർത്തിയിരിക്കുകയിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarkashi Tunnel Rescue
News Summary - Workers Stuck In Tunnel For 170 Hours, Rescue Will Take 4-5 Days
Next Story