തുരങ്ക അപകടം: 80 മണിക്കൂർ പിന്നിട്ടിട്ടും തൊഴിലാളികളെ രക്ഷിക്കാനായില്ല; പാതയൊരുക്കാൻ പുതിയ യന്ത്രം
text_fieldsഉത്തരകാശി (ഉത്തരാഖണ്ഡ്): ചാർധാം പാതയിലെ തുരങ്കമിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ 80 മണിക്കൂറിലേറെ പിന്നിട്ടിട്ടും പുറത്തെത്തിക്കാനായില്ല. തൊഴിലാളികളെ കുഴൽവഴി പുറത്തെത്തിക്കാനായി ആദ്യം ഉപയോഗിച്ച യന്ത്രം കേടായതിനെ തുടർന്ന് പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ചു. അതിനിടെ, തുരങ്കത്തിൽ കുടുങ്ങിയവരുടെ ആരോഗ്യനിലയിൽ ഉത്തരകാശി ചീഫ് മെഡിക്കൽ ഓഫിസർ ആർ.സി.എസ് പൻവാർ ആശങ്ക പങ്കുവെച്ചു. ചിലർക്ക് തലവേദനയും ഓക്കാനവും അനുഭവപ്പെടുന്നുണ്ട്. അവശ്യ മരുന്നുകൾ, മൾട്ടിവിറ്റാമിനുകൾ, ഗ്ലൂക്കോസ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ആറിഞ്ച് വ്യാസമുള്ള പൈപ്പിലൂടെ അവർക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രക്ഷാപ്രവർത്തനത്തിലെ മെല്ലെപ്പോക്കിനെതിരെ പുറത്തുള്ള തൊഴിലാളികളും കുടുംബാംഗങ്ങളും മറ്റും ചേർന്ന് തുരങ്കമുഖത്ത് മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു. രക്ഷാപ്രവർത്തനത്തിന് തയാറാക്കിയ പദ്ധതി തടസ്സപ്പെട്ടപ്പോൾ മറ്റൊരു സമാന്തര പദ്ധതിയില്ലാത്തതും പ്രതിഷേധത്തിന് കാരണമായി.
ഡൽഹിയിൽനിന്ന് വ്യോമസേനയുടെ ഹെർകുലീസ് വിമാനത്തിലാണ് പുതിയ വലിയ ഡ്രില്ലിങ് യന്ത്രം രണ്ടു ഭാഗങ്ങളാക്കി കൊണ്ടുവന്നത്. തുരങ്കമുള്ള സ്ഥലത്തുനിന്ന് 30 കിലോമീറ്റർ മാറിയുള്ള ഹെലിപ്പാഡിലാണ് ഇത് ഇറക്കിയത്. തുടർന്ന് റോഡുവഴി അപകടസ്ഥലത്തെത്തിച്ചു. പുതിയ യന്ത്രം കൂട്ടിയോജിപ്പിച്ച് പ്രവർത്തനക്ഷമമാക്കാൻ നാലു മണിക്കൂറെങ്കിലുമെടുക്കും.
തുരങ്കത്തിൽ അടിഞ്ഞുകൂടിയ മണ്ണിനുള്ളിലൂടെ 900 എം.എം വ്യാസമുള്ള ഇരുമ്പു പൈപ്പുകൾ ഒന്നിനുപിറകെ ഒന്നായി കടത്തിവിട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് പദ്ധതി തയാറാക്കിയത്. എന്നാൽ, ആദ്യത്തെ യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ജോലികൾ മന്ദഗതിയിലായിരുന്നു. സാങ്കേതികപ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച തുരങ്കത്തിൽ മണ്ണിടിഞ്ഞ് യന്ത്രത്തിന് കേടുപറ്റുകയും രക്ഷാപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പുതിയ യന്ത്രം മണിക്കൂറിൽ അഞ്ചു മീറ്റർ വരെ തുരക്കാനാകും.
ബ്രഹ്മകാൽ-യമുനോത്രി ദേശീയപാതയിൽ സിൽകയാരക്കും ദണ്ഡൽഗാവിനും ഇടയിൽ ഞായറാഴ്ച രാവിലെയാണ് തുരങ്കകവാടം ഇടിഞ്ഞ് തൊഴിലാളികൾ അകപ്പെട്ടത്. സിൽകയാര ഭാഗത്തുനിന്ന് തുടങ്ങുന്ന ടണലിൽനിന്ന് 270 മീറ്റർ ഉള്ളിൽ 30 മീറ്ററാണ് ഇടിഞ്ഞത്. ബുധനാഴ്ച രാത്രിയോടെ തൊഴിലാളികളെ രക്ഷിക്കാമെന്ന നിഗമനത്തിലാണ് അധികൃതരെന്ന് ദുരന്തനിവാരണ വിഭാഗം സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.