ചൂരൽ മലയിലെ വടുകും തൊറമാങ്ങയും ലോക വിപണിയിലേക്ക്; മനം നിറഞ്ഞ് ശാഹിദ
text_fieldsന്യൂഡൽഹി: ഉരുൾ പൊട്ടലോടെ വിനോദ സഞ്ചാരികൾ അകന്ന വയനാട്ടിലെ ചൂരൽ മലയിൽ നിന്നും വടുകും തൊറമാങ്ങയുമായി വിപണി തേടി ഡൽഹിയിലെത്തിയ ശാഹിദക്ക് സായൂജ്യം. ന്യൂഡൽഹി ഭാരത മണ്ഡപത്തിൽ ‘വേൾഡ് ഫുഡ് ഇന്ത്യ’ എക്സിബിഷനിൽ കേരളത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി ലോകമെങ്ങുമുള്ള തന്റെ മാളുകളിൽ ശാഹിദയുടെ സംരംഭമായ വയനാടിന്റെ തനത് ഭക്ഷ്യോൽപന്നങ്ങൾ വിൽപനക്ക് വെക്കാമെന്ന് അറിയിക്കുകയായിരുന്നു. ഗൾഫിലായിരുന്ന ഭർത്താവ് മരിച്ചിട്ട് നാല് വർഷമായെന്ന് ശാഹിദ പറഞ്ഞു. പ്രവാസി ചേംബർ കോമേഴ്സ് ആൻഡ് വെൽഫെയർ ഫോറത്തിന്റെ‘പ്രവാശ്രീ’ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ബാങ്കിൽ നിന്ന് വായ്പയെടുത്താണ് സംരംഭത്തിന് തുടക്കമിട്ടത്. വിനോദസഞ്ചാരികൾക്ക് പ്രിയമായതോടെ സംരംഭം പച്ച പിടിച്ചുവരുകയായിരുന്നു. പ്രധാനമായി വയനാട്ടിലെ റിസോർട്ടുകളായിരുന്നു വിപണി.
എന്നാൽ, ഉരുൾപൊട്ടലിനു ശേഷം വിനോദ സഞ്ചാരികൾ വയനാടിനോട് പുറം തിരിഞ്ഞതോടെ ശഹീദയുടെ വിൽപനയും നിലച്ചു. വായ്പ എങ്ങിനെ തിരിച്ചടക്കുമെന്ന ആധിയിൽ കഴിയുമ്പോഴാണ് രാജ്യത്തെങ്ങുമുള്ള ഭക്ഷ്യോൽപന്നങ്ങൾ പരിചയപ്പെടുത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ’ എക്സിബിഷനിലേക്ക് പ്രവാസി ചേംബർ കൊമേഴ്സ് ആൻഡ് വെൽഫെയർ ഫോറം പ്രസിഡന്റ് ഫൗസിയ ആസാദ് ശാഹിദയെ കൊണ്ടുവന്നത്. ഈ മാസം 19 മുതൽ 22 വരെ നടക്കുന്ന എക്സിബിഷനിൽ സംസഥാന വ്യവസായ- വാണിജ്യ വകുപ്പ് ഒരുക്കിയ സ്റ്റാളിലെ 23 ഭക്ഷ്യസംസ്കരണ യൂനിറ്റുകളിലൊന്ന് പ്രവാസി ചേംബർ കൊമേഴ്സ് ആൻഡ് വെൽഫെയർ ഫോറത്തിന് കീഴിലുള്ള സംരംഭകരുടെ ഭക്ഷ്യ സംസ്കരണ ഉൽപന്നങ്ങളായിരുന്നു. കേരള പവലിയൻ ഉദ്ഘാടനം ചെയ്ത യൂസുഫലി ഈ സ്റ്റാളിൽ എത്തിയതാണ് വഴിത്തിരിവായത്.
ധന സഹായമല്ല, ഈ ഉൽപന്നങ്ങൾ ലുലുമാളിൽ വിൽപനക്ക് വെക്കാനുള്ള സഹായമാണ് തേടുന്നതെന്ന് ശാഹിദയും ഫൗസിയയും പറഞ്ഞതോടെ തുറന്ന മനസ്സോടെ യൂസുഫലി ഇത് അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.