ലോകം മാറി, സി.ബി.ഐയും മാറണം; അന്വേഷണ ഏജൻസിയുടെ മാന്വലിൽ മാറ്റം വരുത്തണമെന്ന് സുപ്രിംകോടതി
text_fieldsന്യൂഡൽഹി: സി.ബി.ഐയുടെ മാന്വൽ പരിഷ്കരിക്കണമെന്ന് സുപ്രിംകോടതി. ഡിജിറ്റൽ-ഇലക്ട്രോണിക് ഉപകരണങ്ങളും അതിലെ ഉള്ളടക്കങ്ങളും കണ്ടെടുക്കുന്നതും പരിശോധിക്കുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ച് സി.ബി.ഐക്ക് മാർഗനിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമർശം.
എസ്.കെ. കൗൾ, എ.എസ്. ഒക്ക എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 'ലോകം മാറി, സി.ബി.ഐയും മാറണം' - ജസ്റ്റിസ് കൗൾ പറഞ്ഞു. അന്വേഷണത്തിന്‍റെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന സി.ബി.ഐയുടെ മാന്വൽ പരിഷ്കരിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികൾ മാന്വലിൽ മാറ്റം വരുത്തുകയാണെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഡിജിറ്റൽ-ഇലക്ട്രോണിക് ഉപകരണങ്ങളും അതിലെ ഉള്ളടക്കങ്ങളും കൈകാര്യം ചെയ്യുന്നത് വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശത്തെ സംരക്ഷിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടുത്ത ഫെബ്രുവരി ഏഴിന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ഹരജിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് എട്ടാഴ്ച സമയവും കോടതി അനുവദിച്ചു. നേരത്തെ, വിഷയത്തിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രിംകോടതി അതൃപ്തി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.